ഇന്ന് ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അകാല നര. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണ ശീലങ്ങൾ, മാനസിക സമ്മർദം, പോഷകാഹാരക്കുറവ് തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും അകാല നരയുണ്ടാകാം. ജനതിക ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും അകാല നരയ്ക്ക് ഒരു പ്രധാന കാരണമാണ്.
അകാല നരയ്ക്ക് കാരണം
മുടി നരയ്ക്കുന്നത് വാർധക്യത്തിന്‍റെ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കൗമാരക്കാരിലും അകാല നര കണ്ടുവരുന്നു. കൃത്യമല്ലാത്ത ഭക്ഷണ ശീലങ്ങൾ, അനാരോഗ്യകരമായ ജീവിതശൈലി, കെമിക്കൽ അടങ്ങിയ ഹെയർ കെയർ ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം, ഹെയർ സ്റ്റൈലിങ് എന്നിവയാണ് പൊതുവെ അകാല നരയ്ക്ക് കാരണമായി ഡോക്‌ടര്‍മാർ ചൂണ്ടികാണിക്കുന്നത്.
ആയുർവേദ പ്രകാരം വാതത്തിലും പിത്തത്തിലും ഉണ്ടാകുന്ന അസ്വസ്ഥതകളാണ് അകാല നരയ്ക്ക് കാരണമെന്ന് മുംബൈ നിരോഗ് ആയുർവേദിക് ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. മനീഷ കാലെ പറയുന്നു. അകാല നരയെ 'അകാൽ പാലിത്യ' എന്നും പറയുന്നു. വാത, പിത്ത ദോഷത്തിന്‍റെ അസന്തുലിതാവസ്ഥ മൂലമാണ് അകാല നരയുണ്ടാകുന്നത്.
പിത്തത്തിലുണ്ടാകുന്ന ദോഷങ്ങള്‍ മെലനോസൈറ്റുകളെ ബാധിക്കുന്നു. മുടിയുടെ നിറം നിർണയിക്കുന്ന പിഗ്‌മെന്‍റായ മെലാനിൻ ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റാണ്. പിത്ത ദോഷം മെലനോസൈറ്റുകളെ ബാധിക്കുമ്പോൾ, മെലാനിൻ ഉത്പാദനം തടസപ്പെടുകയും മുടി നരയ്ക്കാനും തുടങ്ങുന്നു. ഇതിന് പുറമേ, ജനിതക ഘടനയിലെ മാറ്റങ്ങളും അകാല നരയ്ക്ക് കാരണമാകുന്നു. മറ്റ് കാരണങ്ങള്‍ ഇതൊക്കെയാകാം-
ശരീരത്തിലെ പോഷകാഹാരക്കുറവ്
മൈദ, പഞ്ചസാര, എണ്ണ തുടങ്ങിയവ കൂടുതല്‍ അടങ്ങിയ ജങ്ക് ഫുഡ്, അൾട്രാ പ്രോസസ്‌ഡ് ഡയറ്റ് ( സോഫ്‌റ്റ് ഡ്രിങ്ക്സ്, ചിപ്പ്സ്, ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങിയവ), സെഡേറ്റീവ് ഭക്ഷണ പദാര്‍ഥങ്ങള്‍ (ബദാം, കിവി, വാല്‍നട്ട്‌സ്, ചൂടു പാല്‍) എന്നിവ കഴിക്കുന്നതും പോഷകാഹാരങ്ങളുടെ അഭാവവും ദഹനപ്രശ്‌നങ്ങള്‍ മാത്രമല്ല, ശരീരത്തിന്‍റെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. തൽഫലമായി, പിത്ത ദോഷങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും മറ്റ് ശരീര പ്രവർത്തനങ്ങളെയും ബാധിക്കാൻ തുടങ്ങുന്നു. ഇത് മുടി നരയ്ക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നു.
ഉറക്കമില്ലായ്‌മ
ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഉറക്കക്കുറവ് മൂലം ശരീരത്തിൽ വീക്കം ഉണ്ടാകുന്നു. ഇത് മെലാനിൻ ഉത്പാദനത്തെ ബാധിക്കുകയും അകാല നരയുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.