ഇംഗ്ലണ്ട്: അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ കുടലിനെ ബാധിക്കുന്ന കാന്‍സറിനും (പ്രത്യേകിച്ച് വൻകുടൽ കാന്‍സര്‍) കാരണമാകുമെന്ന് പഠനം. ദി ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വന്‍കുടലിനെ ബാധിക്കുന്ന കാന്‍സറിന് ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുമെന്ന് പറഞ്ഞിരിക്കുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണങ്ങളെ പരിമിതപ്പെടുത്തുകയും പകരം സംസ്‌കരിക്കാത്തതോ കുറഞ്ഞ തോതില്‍ സംസ്‌കരിച്ചതോ ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങളെ പിന്തുണയ്ക്കുന്നതിന് ഈ കണ്ടെത്തലുകൾ കൂടുതൽ സഹായകരമാകും.
പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ശീലത്തിനും ഭക്ഷണങ്ങളുടെ സംസ്‌കരണ തോതിനും പ്രാധാന്യം നല്‍കിക്കൊണ്ട് ലോക ജനതയുടെ ഭക്ഷണ രീതി പരിഷ്‌കരിക്കുന്നതിനുള്ള അവസരം നല്‍കുകയാണ് ഈ പഠനം.
മുമ്പ് നടന്ന പഠനം: അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണം കഴിക്കുന്നതു മൂലം മനുഷ്യരിലുണ്ടാകുന്ന അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, ചില അർബുദങ്ങൾ എന്നിവയെ കുറിച്ച് നേരത്തെയും പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ചില പഠനങ്ങള്‍ അൾട്രാ-പ്രോസസ്‌ഡ് ഭക്ഷണം കഴിക്കുന്നതു മൂലം വൻകുടലില്‍ അർബുദം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ സാമ്പിള്‍ പഠനത്തില്‍ അത് സമര്‍ഥിക്കുന്നതില്‍ ഗവേഷകര്‍ പരാജയപ്പെടുകയാണുണ്ടായത്.
യു എസിലെ മുതിര്‍ന്നവര്‍ക്കിടയില്‍ (46,341 പുരുഷന്മാരും 159,907 സ്‌ത്രീകളും ആയിരുന്നു സാമ്പിള്‍) നടത്തിയ ഒരു പഠനത്തില്‍, ഓരോ നാലു വര്‍ഷവും അവര്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഏതൊക്കെ തരത്തിലുള്ളതാണെന് വിലയിരുത്തി. ഭക്ഷണ സാധനങ്ങളെ സംസ്‌കരണത്തിന്‍റെ തോത്, വന്‍കുടല്‍ കാന്‍സറിന് കാരണമാകുന്നത് എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചു. ഈ പഠനത്തില്‍, അൾട്രാ പ്രോസസ് ചെയ്‌ത ഭക്ഷണങ്ങള്‍ കുറഞ്ഞ അളവില്‍ കഴിക്കുന്ന പുരുഷന്‍മാരെക്കാള്‍ അത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത 29 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.
എന്നാല്‍ സ്‌ത്രീകളില്‍ അൾട്രാ പ്രോസസ്‌ഡ് ഭക്ഷണത്തിന്‍റെ ഉപഭോഗവും വന്‍കുടല്‍ കാന്‍സറും തമ്മില്‍ യാതൊരു ബന്ധവും ഗവേഷകര്‍ക്ക് കണ്ടെത്താനായില്ല. പുരുഷന്‍മാര്‍ക്കിടയില്‍ മാംസം, മത്സ്യം എന്നിവയുടെ റെഡി ടു ഈറ്റ് വിഭവങ്ങളും മധുരമുള്ള പാനീയങ്ങളും കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തി. സ്‌ത്രീകളില്‍ ഏറെയും ചൂടുള്ള റെഡി ടു ഈറ്റ് വിഭവങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി.