ലോകത്ത് കൊവിഡ് എന്ന മഹാമാരി എത്തുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ ആളുകൾ മരണത്തിന് കീഴടങ്ങുന്ന പകര്‍ച്ചവ്യാധികളില്‍ ഒന്നായിരുന്നു ക്ഷയം. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് എന്ന ശാസ്ത്രഞ്ജന്‍ ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്.
'ക്ഷയം എന്ന രോഗത്തെ നമുക്ക് അവസാനിപ്പിക്കാം' എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിലെ സന്ദേശം. പ്രതിദിനം 4100ലധികം ആളുകള്‍ ക്ഷയരോഗം മൂലം മരിക്കുകയും 28,000ത്തോളം ആളുകള്‍ രോഗബാധിതരാകുകയും ചെയ്യുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ക്ഷയരോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മരുന്നിന്‍റെയും ചികിത്സയുടെയും ലഭ്യത കുറയുന്നത് ക്ഷയരോഗ മരണനിരക്കിന്‍റെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.
എന്താണ് ടിബി അഥവ ക്ഷയം:നമ്മുടെ ശരീരത്തിന്‍റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. പ്രധാനമായും ശ്വാസകോശത്തിലാണ് രോഗം ബാധിക്കുക. ടിബിയുടെ ലക്ഷണങ്ങള്‍ സാവധാനമാകും പ്രകടിപ്പിക്കുക. പ്രാരംഭ അണുബാധയ്ക്ക് ശേഷം മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം പ്രകടമായ ലക്ഷണങ്ങള്‍ക്ക്. അണുബാധ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കുന്നില്ലെങ്കില്‍ ഈ അവസ്ഥയെ ലാറ്റന്‍റ് ടിബി എന്ന് വിളിക്കുന്നു. ലാറ്റന്‍റ് ടിബി ഉള്ളവരില്‍ 10% വരെ സജീവമായ ടിബി വികസിക്കുകയും ചെയ്യും. ടിബിയുടെ ലക്ഷണങ്ങളുള്ളവരാണ് ആക്റ്റീവ് ക്ഷയരോഗി.
ടിബിയുടെ ലക്ഷണങ്ങള്‍ പരിശോധിക്കാം
1. ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച
2. രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ
3. തുടർച്ചയായ പനി
4. വിശപ്പും ശരീരഭാരവും ക്രമാനുഗതമായി കുറയുന്നു
5. രണ്ട് ആഴ്ചയില്‍ തുടർച്ചയായി നിൽക്കുന്ന ചുമ
രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്‌മാരം, ചുഴലി എന്നിവയും ഉണ്ടാകാം.
ക്ഷയം പടരുന്നതെങ്ങനെ:ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ രോഗം പടരുന്നു. രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.