കേരളം

kerala

വിവാഹേതര ബന്ധത്തിലാണോ നിങ്ങള്‍? കുറ്റബോധം സിനിമയില്‍ മാത്രമെന്ന് പഠനം

Study shows married people who cheat don't regret it; വിവാഹേതര ബന്ധങ്ങള്‍ ദാമ്പത്യത്തിലെ തകര്‍ച്ച കൊണ്ടല്ല, പുതിയ മേച്ചില്‍പുറങ്ങള്‍ തേടാനുള്ള അമിതമായ ആഗ്രഹവും കാരണം

By ETV Bharat Kerala Team

Published : Nov 28, 2023, 3:35 PM IST

Published : Nov 28, 2023, 3:35 PM IST

married people  extra marital affairs  sexual relations  sexual satisfaction  cheat dont have regret  john hopkins university  വിവാഹേതര ബന്ധങ്ങള്‍  ആഷ്‌ലി മാഡിസണ്‍ വെബ്സൈറ്റ്  middle aged men participated in the survey  ആര്‍ച്ചീവ്സ് ഓഫ് സെക്വഷല്‍ ബിഹേവിയര്‍
study-shows-married-people-who-cheat-dont-regret-it

വാഷിങ്‌ടണ്‍:വിവാഹേതര ബന്ധം നിങ്ങളുടെ ദാമ്പത്യബന്ധത്തെ ബാധിക്കുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ യാതൊരു കുറ്റബോധത്തിന്‍റെയും ആവശ്യമില്ലെന്നാണ് പുതിയൊരു മനഃശാസ്ത്രപഠനം വ്യക്തമാക്കുന്നത്. വിവാഹേതര ബന്ധങ്ങള്‍ കണ്ടുപിടിക്കാനായി അമേരിക്കയിലെ ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ആഷ്‌ലി മാഡിസണ്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ സര്‍വേയിലാണ് വിവാഹേതര ബന്ധങ്ങളുള്ളവര്‍ക്ക് സന്തോഷിക്കാവുന്ന ഈ കണ്ടെത്തലുകള്‍. ആര്‍ച്ചീവ്സ് ഓഫ് സെക്‌ഷ്വല്‍ ബിഹേവിയര്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത് (Study shows married people who cheat don't regret it).

സിനിമകളിലും പുസ്‌തകങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം വിവാഹേതര ബന്ധങ്ങള്‍ ഉള്ളവര്‍ കടുത്ത കുറ്റബോധം അനുഭവിക്കുന്നതായി കണ്ടു വരുന്നുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല എന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജോണ്‍ ഹോപ്‌കിന്‍സ് സര്‍വകലാശാലയിലെ മാനസിക ശാസ്ത്രവകുപ്പ് അധ്യാപകന്‍ ഡെയ്‌ലന്‍ സെല്‍റ്റര്‍മാന്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ബന്ധങ്ങളിലൂടെ കൂടുതല്‍ ലൈംഗിക-വൈകാരിക സംതൃപ്‌തി ഉണ്ടാകുന്നുവെന്നും പഠനം പറയുന്നു. കുറ്റബോധത്തിന്‍റെ തോത് വളരെ കുറവുമാണ്.

വിവാഹേതര ബന്ധം തേടുന്നവരുടെ മാനസിക അനുഭവങ്ങളെക്കുറിച്ച് മനസിലാക്കാനായാണ് ഗവേഷകര്‍ ഇത്തരമൊരു പഠനം നടത്തിയത്. ഒന്‍റാറിയോയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരോടൊപ്പം ചേര്‍ന്നാണ് പഠനം നടത്തിയത്. ആഷ്‌ലി മാഡിസന്‍റെ രണ്ടായിരത്തോളം ഉപയോക്താക്കളുടെ മറ്റ് ബന്ധങ്ങള്‍ ഉള്ളപ്പോഴും അതിന് ശേഷവുമുള്ള മാനസിക വ്യവഹാരങ്ങളാണ് പഠന വിധേയമാക്കിയത്.

വൈവാഹിക ബന്ധം, ഇതര ബന്ധങ്ങള്‍ തേടാനുള്ള കാരണം, സന്തോഷം തുടങ്ങിയവയെക്കുറിച്ചാണ് സര്‍വേയില്‍ ചോദിച്ചത്. മധ്യവയസ്‌കരായ പുരുഷന്‍മാരാണ് പൊതുവെ പ്രതികരിച്ചത്. പങ്കാളികളുമായി വലിയ സ്നേഹത്തിലാണെന്നും അതേസമയം ലൈംഗിക സംതൃപ്‌തി കുറവാണെന്നുമായിരുന്നു ഏറെപ്പേരുടെയും പ്രതികരണം.

സര്‍വേയില്‍ പങ്കെടുത്ത പകുതിപ്പേരും പങ്കാളികളുമായി മികച്ച ലൈംഗിക ബന്ധം പുലര്‍ത്തുന്നവരുമായിരുന്നില്ല. ലൈംഗിക അതൃപ്‌തി തന്നെയാണ് പലരെയും മറ്റ് ബന്ധങ്ങളിലേക്ക് നയിച്ചതെന്നും സര്‍വേ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധങ്ങളില്‍ വ്യത്യസ്‌തത തേടുന്നവരും വിവാഹേതര ബന്ധങ്ങളിലേക്ക് എത്തിയവരുടെ കൂട്ടത്തിലുണ്ട്. ഇതിന് പുറമെ അമിതമായ ആഗ്രഹവും പലരെയും മറ്റ് ബന്ധങ്ങളിലേക്ക് എത്തിച്ചു. സ്നേഹമില്ലായ്‌മ, പങ്കാളിയോടുള്ള ദേഷ്യം തുടങ്ങിയ കാരണങ്ങള്‍ മൂലം വളരെ കുറച്ച് പേര്‍ മാത്രമേ മറ്റ് ബന്ധങ്ങളിലേക്ക് എത്തിയിട്ടുള്ളൂ.

മറ്റ് ബന്ധങ്ങള്‍ വിശ്വാസവഞ്ചനയാണെന്ന് കരുതുന്നവര്‍ കുറവാണെന്നും പഠനം പറയുന്നു. വൈകാരിക സാക്ഷാത്ക്കാരത്തിനപ്പുറം പങ്കാളികളുമായി ശക്തമായ പ്രതിബദ്ധത വേണമെന്ന നിലപാടൊന്നും ഇവര്‍ക്കില്ല. വിവാഹ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നവരും മറ്റ് ബന്ധങ്ങള്‍ തേടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ജീവിത സംതൃപ്‌തിക്കുറവാണ് ഇത്തരം ബന്ധങ്ങള്‍ തേടുന്നതിന് കാരണമെന്ന് ഉറപ്പിച്ച് പറയാനാകുന്ന തെളിവുകളൊന്നും പഠനത്തില്‍ കണ്ടെത്തിയിട്ടില്ല.

ഒരാളുമായി ദീര്‍ഘകാലം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് പലരെയും സംബന്ധിച്ച് എളുപ്പമല്ല. അതിനാലാണ് പലരും മറ്റ് ബന്ധങ്ങള്‍ തേടുന്നത്. ഇത്തരം ബന്ധങ്ങള്‍ ഇപ്പോള്‍ സര്‍വ സാധാരണമായിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

Also Read: 'കുത്തുവാക്കുകൾ വേണ്ട... ചേർത്തുപിടിക്കാം, ചെറുത്തുനിൽക്കാം'; സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള അന്താരാഷ്‌ട്ര ദിനം

ABOUT THE AUTHOR

...view details