ന്യൂഡല്‍ഹി : ഇന്ത്യയിലെ താപനില ക്രമാതീതമായി ഉയരുകയാണ്. വേനല്‍ കടുക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഏറെയാണ്. വേനലില്‍ മുന്‍കരുതല്‍ എന്നോണം രാജ്യത്തെ കാലാവസ്ഥ വകുപ്പ് ചില വേനല്‍ക്കാല ജാഗ്രതാനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്.
താപനില 40 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുന്ന അവസ്ഥയെയാണ് ഉഷ്‌ണ തരംഗം എന്ന് വിളിക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ചില സ്ഥലങ്ങളിൽ താപനില ഏറ്റവും ഉയര്‍ന്ന് തന്നെയായിരിക്കും. ഉയര്‍ന്ന താപനില മൂലം അനുഭവപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഉഷ്‌ണതരംഗത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിനുമായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
ഏറ്റവും ചൂട് കൂടിയ ദിവസങ്ങളില്‍ പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ ഇരിക്കുക, അയവുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, കരിക്കിന്‍ വെള്ളം കുടിക്കുക, നിര്‍ജലീകരണം ഒഴിവാക്കുന്നതിനായി ദ്രാവക രൂപത്തിലുള്ള എന്തെങ്കിലും കഴിക്കുക എന്നിവ മുന്‍കരുതലിന്‍റെ ഭാഗമാണ്. നിര്‍ജലീകരണം തടയുന്നതിനായി കരിക്കിന്‍ വെള്ളം വഹിക്കുന്ന പങ്ക് ഏറെയാണ്. അഗ്രികള്‍ച്ചര്‍ ടെക്‌നോളജി സ്‌റ്റാര്‍ട്ട് അപ്പിന്‍റെ സിഇഒ ആയ വരുണ്‍ ഖുറാന കരിക്കിന്‍ വെള്ളത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
ഇലക്‌ട്രോലൈറ്റുകൾ :പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം മുതലായ ഇലക്‌ട്രോലൈറ്റുകളാല്‍ സമ്പന്നമാണ് കരിക്കിന്‍ വെള്ളം. ഈ ധാതുക്കൾ ശരീരത്തിലെ ലവണങ്ങളെ തുല്യമായ അളവില്‍ നിലനിർത്താൻ സഹായിക്കുന്നു, ഇത് ജലാംശം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ജലാംശം നിലനിര്‍ത്തുക : കരിക്കിന്‍ വെള്ളമെന്നത് ജലാംശം നിലനിര്‍ത്തുന്നതിന്‍റെ ഉത്തമ ഉറവിടമാണ്. ലവണാംശങ്ങള്‍ വിയര്‍പ്പിലൂടെ പുറത്ത് പോകുമ്പോള്‍ ശരിയായ രീതിയില്‍ അവയെ നിലനിര്‍ത്താന്‍ കരിക്കിന്‍ വെള്ളത്തിന് സാധിക്കുന്നു. നിര്‍ജലീകരണം തടയുന്ന ഉയര്‍ന്ന കലോറിയുള്ള പാനീയങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്നതാണിത്.
ശരീരം തണുപ്പിക്കുന്ന വസ്‌തു : ഉയര്‍ന്ന താപനിലയ്‌ക്ക് അനുസരിച്ച് ശരീരം തണുപ്പിക്കാന്‍ സാധിക്കുന്ന പ്രകൃതിദത്തമായ ഒന്നാണ് കരിക്കിന്‍ വെള്ളം. ചൂട് മൂലം അനുഭവിക്കുന്ന സമ്മര്‍ദത്തെ ചെറുക്കുവാനും ഇത് മൂലം സാധിക്കുന്നു.
പോഷകങ്ങളാല്‍ സമൃദ്ധം : കാത്സ്യം, അയേണ്‍, വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാല്‍ സമൃദ്ധമാണ് കരിക്കിന്‍ വെള്ളം. ഇവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം ശരീരത്തിലെ വീക്കങ്ങള്‍ കുറയ്‌ക്കുവാനും സഹായകമാണ്. ചൂട് മൂലം ശരീരത്തിന് അനുഭവപ്പെടുന്ന സമ്മര്‍ദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗങ്ങളും അണുബാധയും ഇല്ലാതാക്കാന്‍ കരിക്കിന്‍ വെള്ളത്തിന് സാധിക്കുന്നു.
കുറഞ്ഞ അളവിലുള്ള കലോറി : കുറഞ്ഞ അളവില്‍ കലോറിയുള്ള പാനീയമാണ് കരിക്കിന്‍ വെള്ളം. നിര്‍ജലീകരണം തടയുന്ന ഉയര്‍ന്ന അളവിലുള്ള മധുരം കലര്‍ന്ന പാനീയങ്ങള്‍ക്ക് പകരമായി കരിക്കിന്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്.
മറ്റ് പാനീയങ്ങളെ അപേക്ഷിച്ച് പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ പാനീയമാണ് കരിക്കിന്‍ വെള്ളം. നിര്‍ജലീകരണം തടയുന്നതോടൊപ്പം പൊതുവായ ആരോഗ്യത്തിനും ശരീരക്ഷേമത്തിനും സഹായിക്കുന്ന പാനീയമാണ് ഇത്. സ്‌മൂത്തി, കോക്‌ടെയില്‍, മൊജീറ്റോ തുടങ്ങിയ രൂപങ്ങളിലാക്കി ഇവ കഴിക്കാവുന്നതാണ്. കടുത്ത വേനലില്‍ കരിക്ക് കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളെ ചെറുക്കാം.