ലോകത്തില്‍ 280 കോടി ആളുകൾക്ക് സുരക്ഷിതമായ ശുചീകരണ സൗകര്യങ്ങള്‍ ലഭ്യമല്ല എന്നാണ് കണക്ക്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ശുചിമുറികളില്ല ഇല്ല. ഈ സാഹചര്യം നയിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുന്നതിലേക്കുമാണ് .
ശുചീകരണ സൗകര്യങ്ങളുടെ അഭാവം സ്‌ത്രീകളെ കൂടുതലായി ബാധിക്കുന്നു. ആര്‍ത്തവത്തകാലം സുരക്ഷിതമാക്കാന്‍ ഈ സാഹചര്യം വലിയ വെല്ലുവിളിയാണ് സ്‌ത്രീകള്‍ക്ക് സൃഷ്‌ടിക്കുന്നത്. ലോകത്തില്‍ കുറഞ്ഞത് 50 കോടി സ്‌ത്രീകള്‍ക്ക് സുരക്ഷിതമായ ആര്‍ത്തവത്തിന് മതിയായ സൗകര്യങ്ങൾ ലഭ്യമല്ല. 'ആര്‍ത്തവ ദാരിദ്ര്യം'(Period poverty) എന്നാണ് ഇതിനെ വിളിക്കുന്നത്
സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തത്, ശുചിമുറി സൗകര്യം ഇല്ലാത്തത് തുടങ്ങിയവയാണ് ആര്‍ത്തവ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നത്. ആര്‍ത്തവ ദാരിദ്ര്യത്തിന്‍റെ പരിണിതഫലങ്ങളാണ് ക്ലാസുകള്‍ നഷ്‌ടപ്പെടുന്നതും, കല കായിക രംഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കേണ്ട അവസ്‌ഥയും.
പുരുഷാധിപത്യ വ്യവസ്ഥ കൊടികുത്തിവാഴുന്ന സമൂഹങ്ങളിൽ, ആർത്തവത്തെ ഒരു നിഷിദ്ധവിഷയമായാണ് കാണുന്നത്. ആര്‍ത്തവത്തെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് നാണക്കേടാണ് എന്നതോന്നല്‍ സ്‌ത്രീകളില്‍ ഇത് സൃഷ്‌ടിക്കുന്നു. കൂടാതെ സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ ആര്‍ത്തവത്തെ ലൈംഗികതയുമായി ബന്ധപ്പെടുത്തുകയും അത് മറച്ചു വയ്ക്കപ്പെടേണ്ട ഒന്നാണെന്ന സൂചനയും നല്‍കുന്നു.
ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൗജന്യമാക്കുന്നത്: ബ്രിട്ടനിൽ 49 ശതമാനം പെൺകുട്ടികൾക്ക് ആര്‍ത്തവം കാരണം ക്ലാസുകള്‍ നഷ്‌ടപ്പെടുന്നതായാണ് കണക്ക്. ഇതിന്‍റെ പ്രാധാന കാരണം ആര്‍ത്തവ സമയത്ത് ഉപയോഗിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ വില താങ്ങാനാവത്തതാണ് എന്നാണ് കണക്കാക്കുന്നത്. ഇതിനുള്ള ലളിതമായ പരിഹാരം ഈ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുക എന്നതാണ്.
സ്‌കോട്ട്‌ലൻഡ് ഈ ദിശയിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2018-ൽ സ്കോട്ടിഷ് ഭരണകൂടം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളിലെ എല്ലാ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ ന്ന ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കി.
എന്നാല്‍ ഇതുകൊണ്ട് മാത്രം വിഷയം പരിഹരിക്കപ്പെടുന്നില്ല എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. സാമൂഹികമായി പിന്നാക്ക അവസ്ഥകാരണം ആർത്തവത്തെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസത്തിന്‍റെ അഭാവം പല സ്‌ത്രീകള്‍ക്കും ഉണ്ട്. ഒരു പ്രത്യേക കാര്യം നാണക്കേട് ആണെന്ന് തോന്നിയാല്‍ അതില്‍ പലപ്പോഴും ആളുകള്‍ ആവശ്യമായ വിവരങ്ങൾ അന്വേഷിക്കാൻ വിമുഖത കാണിക്കും. ആര്‍ത്തവത്തിന്‍റെ കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്.
വികസിത രാജ്യമായ യുകെയില്‍ പോലും പകുതി പെണ്‍കുട്ടികളും ആര്‍ത്തവം ലജ്ജിക്കേണ്ട വിഷയമായാണ് കാണുന്നത്. മതിയായ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ അഭാവം ഈ നാണക്കേട് എന്ന തോന്നല്‍ വർധിപ്പിക്കുന്ന സാഹചര്യവും സൃഷ്‌ടിക്കുന്നു. ലൈംഗിക വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സെക്‌സ് എജ്യുക്കേഷൻ ഫോറം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് നാലിലൊന്ന് യുവതികൾക്ക് ആർത്തവത്തെ കുറിച്ച് ശരിയായ വിവരങ്ങള്‍ ഇല്ലയെന്നാണ്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക്‌ഡൗണുകള്‍ ഈ പ്രശ്‌നം വഷളാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രത്യുൽപ്പാദന അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തിന്‍റെ ഫലമായുണ്ടാകുന്ന ഒരു കാര്യമെന്നതിനപ്പുറത്ത് ആര്‍ത്തവത്തെ ഒരു ആരോഗ്യ പ്രശ്‌നമായി കാണുന്നത് പല തെറ്റായ പ്രവണതകള്‍ക്കും കാരണമാകുന്നു. ലൈംഗിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്നുള്ളതും ആര്‍ത്തവത്തില്‍ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാവുന്നതും പ്രധാനമാണ്. ആര്‍ത്തവത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഉത്തരവാദിത്വമുണ്ട്
പരസ്യങ്ങള്‍ ആര്‍ത്തവത്തെ ലൈംഗികവല്‍ക്കരിക്കുന്നു:ആര്‍ത്തവവുമായി ബന്ധപ്പെട്ട തെറ്റായ ധാരണകള്‍ പലപ്പോഴും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. പലപരസ്യങ്ങളും സ്‌ത്രീകളുടെ ശരീരഘടനയെ സൂചിപ്പിക്കുന്ന തരത്തിലുള്ള പഴങ്ങളുടേയും മറ്റും ദൃശ്യങ്ങളാണ് സാനിറ്ററി ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് കൊടുക്കുന്നത്. ആര്‍ത്തവ ഉല്‍പ്പന്നങ്ങളെ ലൈംഗികതയുമായി കൂട്ടിചേര്‍ക്കുന്നത് ദോഷം ചെയ്യും. ഒമ്പത് വയസ്‌മുതല്‍ തന്നെ ആര്‍ത്തവം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.
ആര്‍ത്തവ ഉല്‍പ്പന്നങ്ങളെ ലൈംഗികവല്‍ക്കരിക്കുന്നത് ആര്‍ത്തവം നാണിക്കേണ്ട ഒന്നാണെന്ന തോന്നല്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടാതെ പരസ്യങ്ങള്‍ വിലകുറഞ്ഞ മെന്‍സ്‌ട്ര്വല്‍ കപ്പ്, കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതിലേക്കാണ് വഴി വയ്ക്കുന്നത്.
ആര്‍ത്തവ ദാരിദ്ര്യം പുരുഷന്‍മാരെയും ബാധിക്കുന്നു: ആര്‍ത്തവ ദാരിദ്ര്യം ബാധിക്കപ്പെടുന്നത് ആര്‍ത്തവമുള്ള സ്‌ത്രീകളെയും പെണ്‍കുട്ടികളെയും മാത്രമല്ല അവരുടെ മറ്റ് കുടുംബാഗങ്ങളെയും അത് പരോക്ഷമായി ബാധിക്കുന്നു. അതായത് ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നു. ആര്‍ത്തവം കാരണം ജോലിക്ക് പോകാന്‍ കഴിയാത്തത് കുടുംബത്തിന്‍റെ വരുമാനത്തെയുമാണ് ബാധിക്കുന്നത്.
പല സ്‌ത്രീകള്‍ക്കും ആര്‍ത്തവം ആത്‌മാഭിമാനക്കുറവും, അന്തസ് ഇടിക്കുന്നതുമായ സാഹചര്യമാണ് ഉളവാക്കുക. സൗജന്യമായി ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുക എന്നുള്ളതും ആര്‍ത്തവ സമയത്ത് യാതൊരു നിയന്ത്രണത്തിനും വിധേയമാകാതിരിക്കുക എന്നുള്ളതും ഒരാളുടെ മനുഷ്യവകാശമാണ് എന്നുള്ളത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്.