ലണ്ടന്‍: മധ്യ വയസുള്ളവര്‍ക്കും അതിന് മേല്‍പ്പോട്ടുള്ളവര്‍ക്കും ഏഴ് മണിക്കൂര്‍ ഉറക്കമാണ് ഏറ്റവും അഭികാമ്യമെന്ന് ഗവേഷകര്‍. ഈ സമയ ദൈര്‍ഘൈത്തില്‍ നിന്നും വളരെ കുറഞ്ഞതും വളരെ കൂടിയുമുള്ള ഉറക്കങ്ങള്‍ തലച്ചോറിന്‍റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെയും മാനസിക ആരോഗ്യത്തെയും ബാധിക്കുമെന്നും പുതിയ നാച്വര്‍ എന്ന ശാസ്‌ത്ര ജേര്‍ണലില്‍ ചൈനീസ് ബ്രിട്ടീഷ് ഗവേഷകര്‍ സംയുക്‌തമായി പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
തലച്ചോറിന്‍റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും മാനസികമായ സ്വാസ്ഥ്യം നിലനിര്‍ത്തുന്നതിനും ഉറക്കത്തിന് വളരെയധികം പ്രാധാന്യമുണ്ട്. മാലിന്യങ്ങള്‍ തള്ളി തലച്ചോര്‍ ആരോഗ്യമുള്ളതായി നിലനിര്‍ത്തുന്നതിനും ശരിയായ ദൈര്‍ഘ്യത്തിലുള്ള ഉറക്കം അത്യാവശ്യമാണ്.
പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ ഉറക്കത്തിന്‍റെ രീതിയില്‍ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ഉറക്കം വരുന്നതിന് ബുദ്ധിമുട്ട്, ഉറക്കത്തിന്‍റെ അളവിലും മേന്‍മയിലും കുറവ് വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രായം കൂടി വരുമ്പോള്‍ പലരും നേരിടാറുള്ളതാണ്. പ്രായം കൂടിയ പല ആളുകളിലും മാനസികാരോഗ്യത്തിന്‍റെ കുറവും ബുദ്ധിപരമായ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ് വരുന്നതും ഉറക്കത്തിലുള്ള ഈ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗാഢ നിദ്ര പ്രധാനം: 38 മുതല്‍ 73 വയസ് വരെയുള്ള അഞ്ച് ലക്ഷം ആളുകളുടെ യുകെ ബയോബാങ്കിലെ വിവരങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഈ അഞ്ച് ലക്ഷം ആളുകളോടും അവരുടെ ഉറക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, മാനസിക സ്വാസ്ഥ്യം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചു. ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള തലച്ചോറിന്‍റെ ക്ഷമത പരിശോധിക്കുന്നതിനുള്ള പരിശോധനകളിലും ഇവര്‍ ഏര്‍പ്പെട്ടു. ഇവരില്‍ 40,000 പേരുടെ ജനിതക വിവരങ്ങളും ബ്രേയില്‍ ഇമേജിങ്ങും ലഭ്യമായിരുന്നു.
ഈ വിവരങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത് വേണ്ടത്ര ഉറക്കമില്ലായ്‌മയും അമിതമായ ഉറക്കവും തലച്ചോറിന്‍റെ ബുദ്ധിപരമായ പ്രവര്‍ത്തന ക്ഷമതയെ ബാധിക്കുന്നുണ്ട് എന്നാണ്. ഒരു കാര്യം മനസിലാക്കുന്നതിലുള്ള വേഗതക്കുറവ്, കാഴ്‌ചകളിലൂടെയുള്ള തിരിച്ചറിവ്, ഓര്‍മിക്കല്‍, പ്രശ്‌ന നിര്‍ദ്ദാരണ നൈപുണ്യം എന്നിവ ഉറക്കത്തിലെ പ്രശ്നങ്ങള്‍കൊണ്ട് കാരണമാകുമെന്ന് കണ്ടെത്തി.
ഈ പഠനത്തിലാണ് ഏഴ് മണിക്കൂര്‍ ഉറക്കമാണ് തലച്ചോറിന്‍റെ ബുദ്ധിപരമായ പ്രവര്‍ത്തന ക്ഷമത നിലനിര്‍ത്തുന്നതിന് അഭികാമ്യമെന്ന് കണ്ടെത്തിയത്. മാനസിക ആരോഗ്യത്തിനും ഏഴ് മണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. വേണ്ടത്ര സമയം ഉറക്കം കിട്ടിയില്ലെങ്കില്‍ തല്‍ഫലമായി ഗാഢ നിദ്രയ്‌ക്ക് ഭംഗം സംഭവിക്കും. ഇത് തലച്ചോറിന്‍റെ ബുദ്ധിപരമായ പ്രവര്‍ത്തന ക്ഷമതയ്‌ക്ക് ആഘാതം ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഗാഢ നിദ്ര ശരിയായി ലഭിച്ചില്ലെങ്കില്‍ അമിലോയിഡ് എന്ന പ്രോട്ടീന്‍ തെറ്റായി തലച്ചോറില്‍ മടക്കപ്പെടും. ഇത് ഡിമന്‍ഷ്യയ്‌ക്ക് കാരണമാകും.
ഉറക്കം അമിതമാകുമ്പോഴും കുറയുമ്പോഴും ബുദ്ധിപരമായ പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്ന തലച്ചോറിന്‍റെ ഭാഗങ്ങളുടെ ഘടനയ്‌ക്ക് വ്യത്യാസം വരുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറക്കത്തിലെ പ്രശ്‌നങ്ങളാണ് വാര്‍ധക്യത്തിലുള്ള പല രോഗങ്ങളുടേയും കാരണമെന്ന് മുന്‍പ് നടന്ന പല പഠനങ്ങളിലും കണ്ടെത്തിയതാണ്. പ്രായം കൂടുമ്പോള്‍ ഉറക്ക പ്രശ്‌നങ്ങള്‍ കൂടി വരുന്നതിന്‍റെ കാരണങ്ങള്‍ സങ്കീര്‍ണമാണെന്നാണ് ശാസ്‌ത്ര ലോകം വിലയിരുത്തുന്നത്. ജനിതകമായ ഘടകങ്ങള്‍ ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.