എഡിൻബറോ: ആർത്തവ സംബന്ധമായ ഉൽപ്പന്നങ്ങൾ ആർക്കും സൗജന്യമായി ലഭ്യമാക്കുന്നതിനായി സ്കോട്ട്‌ലൻഡിൽ 'പിരീഡ് പ്രൊഡക്‌ട് ആക്‌ട്' എന്ന പേരിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ആര്‍ത്തവ ഉൽപന്നങ്ങൾ ആവശ്യക്കാർക്ക് ലഭിക്കുന്നതിനുള്ള അവകാശം നിയമപരമായി സംരക്ഷിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇതോടെ സ്കോട്ട്‌ലൻഡ്. പുതിയ നിയമമനുസരിച്ച്, സ്‌കൂളുകളും കോളജുകളും സർവകലാശാലകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവരുടെ ശുചിമുറികളിൽ ടാംപൺ, സാനിറ്ററി പാഡുകൾ തുടങ്ങിയ സൗജന്യമായി ലഭ്യമാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യമായി ആര്‍ത്തവ ഉൽപന്നങ്ങൾ ലഭിക്കുന്നതിന് സ്കോട്ടിഷ് സർക്കാർ 2017 മുതൽ ദശലക്ഷക്കണക്കിന് പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ ഇത് നിയമപരമായ ആവശ്യമായി മാറിയിരിക്കുകയാണ്. പിരീഡ് ഉൽപന്നങ്ങൾ ലഭ്യമാകുന്ന ഏറ്റവും അടുത്തുള്ള കമ്മ്യൂണിറ്റി സെന്‍ററുകൾ പോലുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി മൊബൈൽ ഫോൺ ആപ്പ് സൗകര്യവും ഉണ്ട്.