ന്യൂയോര്‍ക്ക്: ലോകത്തിലെ 99 ശതമാനം വരുന്ന ആളുകളും പ്രായഭേദമന്യേ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിട്ടാല്‍ സഹായത്തിനായി ആദ്യം വിളിക്കുന്നത് അവരുടെ സുഹൃത്തുക്കളെയായിരിക്കും. മനുഷ്യന്‍റെ സാമൂഹിക ബന്ധത്തിലെ ഒരു പ്രധാന ഘടകമാണ് സുഹൃത്തുക്കള്‍. ഇപ്പോഴിതാ ദിവസത്തില്‍ ഒരു സുഹൃത്തിനോടെങ്കിലും സംസാരിക്കുന്നതോ, തമാശ രൂപേണ പരിഹസിക്കുന്നതോ, നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിച്ച കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയോ ചെയ്യുന്നത് വഴി ജീവിതത്തിലെ സമ്മര്‍ദം കുറയാനും സന്തോഷം കൈവരിക്കാനും സഹായകമാകുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പഠനറിപ്പോര്‍ട്ട്: അമേരിക്കയിലെ കന്‍സാസ് സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍ സ്‌റ്റഡീസ് &ഫ്രണ്ട്ഷിപ്പ് എക്‌സ്‌പേര്‍ട്ട് എന്ന കോഴ്‌സിന്‍റെ അധ്യാപകനായ ജെഫ്‌റി ഹാള്‍ നടത്തിയ പഠനത്തിലാണ് സുഹൃത്തുക്കള്‍ ജീവിതത്തില്‍ സന്തോഷം പ്രദാനം ചെയ്യാന്‍ സഹായകമാകുന്നുവെന്ന് കണ്ടെത്തിയത്. 'ക്വാളിറ്റി കോണ്‍വര്‍സേഷന്‍ ക്യാന്‍ ഇന്‍ക്രീസ് ഡെയ്‌ലി വെല്‍ബീയിങ്'(quality conversation can increase daily well being) എന്ന പുസ്‌തകത്തിലാണ് ജെഫ്‌റി ഹാള്‍ തന്‍റെ പഠനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്.
ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ള ആശയവിനിമയം എങ്ങനെ സാധ്യമാക്കാം എന്നതാണ് പഠനം വഴി ലക്ഷ്യമിടുന്നതെന്ന് ഹാള്‍ പറഞ്ഞു. പഠനത്തിനായി പല തരത്തിലുള്ള ആശയവിനിമയങ്ങള്‍ തിരഞ്ഞെടുത്തു. ആശയവിനിമയം എത്രമാത്രം ജനങ്ങളെ ബന്ധിപ്പിക്കുന്നു എന്ന് മനസിലാക്കുന്നതിനായി പഴയ കാലങ്ങളിലെ സംഭാഷണങ്ങളും പഠനത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ഹാള്‍ വ്യക്തമാക്കി.
പഠന വിഷയം:പരിചയപ്പെടുക, അര്‍ത്ഥവത്തായ സംഭാഷണം, ഫലിതങ്ങള്‍, കരുതുക, കേള്‍ക്കുക, മറ്റുള്ളവരെയും അവരുടെ അഭിപ്രായത്തെയും മാനിക്കുക, സത്യസന്ധമായ പ്രത്യുപകാരങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ വ്യത്യസ്‌ത തലങ്ങളിലാണ് പഠനം നടന്നിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയ്‌ക്ക് മുമ്പ് 900 പേരായിരുന്നു പഠനത്തിന്‍റെ ഭാഗമാകാന്‍ എത്തിയത്. ശേഷം, പഠനത്തിന്‍റെ ഭാഗമാകാന്‍ എത്തിയവരുടെ സമ്മര്‍ദം, ബന്ധങ്ങള്‍, ഉത്‌കണ്‌ഠ, ക്ഷേമം, ഏകാന്തത, ഒരു ദിവസത്തിന് അവര്‍ കല്‍പിക്കുന്ന മൂല്യം എന്നിവയെക്കുറിച്ചുള്ള നിരീക്ഷണവും നടന്നു.