വാഷിങ്‌ടണ്‍ : വിവരസാങ്കേതിക വിദ്യയില്‍ അനുദിനം വിപ്ലവങ്ങളുണ്ടാവുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ആളുകളും കാലത്തിനൊത്ത് നിത്യേനെ മാറുകയും വിവരസാങ്കേതിക വിദ്യയോട് കൂടുതല്‍ അടുക്കുകയുമാണ്. വസ്‌തുത ഇങ്ങനെയിരിക്കെ സ്‌മാർട്ട്‌ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ് തുടങ്ങിയവ നിരന്തരം ഉപയോഗിച്ചാലുണ്ടാവുന്ന പ്രശ്‌നത്തെക്കുറിച്ച് പറയുന്ന പഠനം പുറത്തുവന്നിരിക്കുകയാണ്.
വിവിധ കോശങ്ങളുടെ 'പണി പാളും':ഇലക്‌ട്രിക് ഉപകരണങ്ങളിലെ സ്‌ക്രീനുകള്‍ പുറത്തുവിടുന്ന അമിതമായ നീല നിറത്തിലുള്ള പ്രകാശമാണ് 'മെയിന്‍ വില്ലന്‍'. ഇത്ശരീരത്തെ പെട്ടെന്നുതന്നെ വാര്‍ധക്യത്തിലേക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്. പഴങ്ങളില്‍ വന്നിരിക്കുന്ന ഈച്ചകളിലാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം അമിതവണ്ണം, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാക്കിയേക്കുമെന്ന് നേരത്തേയുള്ള ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. '' സ്‌ക്രീനുകളിലെ നീലവെളിച്ചം ചർമം, കൊഴുപ്പ് കോശങ്ങൾ (fat cells) മുതൽ ഇന്ദ്രിയ നാഡീകോശങ്ങള്‍ വരെയുള്ള നമ്മുടെ ശരീരത്തിലെ വിവിധ കോശങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.'' അമേരിക്കയിലെ ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്‌ധനുമായ ജാദ്വിഗ ഗീബുൾടോവിക് പറയുന്നു.
ഭക്ഷണത്തെ ദഹിപ്പിച്ച് ഊർജമാക്കി മാറ്റാനുള്ള ശാരീരിക പ്രവർത്തനങ്ങൾക്ക് പറയുന്ന പേരാണ് മെറ്റബോളിസം അഥവാ ഉപാപചയം. മെറ്റബോളിസത്തിന്‍റെ അളവ്, കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യവേണ്ട രാസവസ്‌തുക്കൾ എന്നിവയില്‍ 'നീലവെളിച്ചം' കൃത്യമായ മാറ്റം വരുത്തുന്നുണ്ട്. ഇത് ഈച്ചകളില്‍ നന്നായി കണ്ടെത്തി. 'ഫ്രോണ്ടിയേഴ്‌സ് ഇൻ ഏജിങ്' ജേണലിൽ ( Frontiers in Aging ) ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. അമിതമായ അളവില്‍ ഇത്തരത്തിലെ പ്രകാശം ശരീരത്തില്‍ ഏല്‍ക്കാതെ നോക്കുന്നത് അകാല വാര്‍ധക്യം തടയാന്‍ സഹായിക്കും.
പുറമെ, ഇതോടൊപ്പം പഠനത്തിന് കൂടുതല്‍ ആധികാരികത ലഭിക്കാന്‍ മറ്റൊരു പരീക്ഷണം കൂടി ഗവേഷകര്‍ ചെയ്‌തിട്ടുണ്ട്. പഴങ്ങളില്‍ കാണപ്പെടുന്ന ഈച്ചകളെ സ്ഥിരമായി ഇരുട്ടിൽ സൂക്ഷിച്ചതിനെ തുടര്‍ന്ന് അവ കൂടുതല്‍ കാലം ജീവിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. സമ്മര്‍ദങ്ങളെ കുറയ്‌ക്കുന്ന ജീനുകളെ ഇരുട്ട്, 'ഓൺ' ചെയ്യുന്നതാണ് ഇതിനുകാരണമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.