ഹൈദരാബാദ്: തിരക്ക് പിടിച്ച ജീവിതത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് നല്‍കാനാകുന്ന ഏറ്റവും വലിയ സമ്മാനം സമയമാണ്. ജോലിസമ്മര്‍ദ്ദങ്ങളും സ്മാര്‍ട്ട്ഫോണിന്‍റെ അമിത ഉപയോഗവും പങ്കാളികളുമായി മതിയായ ആശയവിനിമയം ഇല്ലാത്തതും എല്ലാം കുടുംബങ്ങളെയും കുട്ടികളെയും സാരമായി ബാധിച്ചിരിക്കുന്നു.(Building strong parent-child bonds) നമ്മുടെ കുഞ്ഞുങ്ങളെ മനസിലാക്കാനും അവരെ പിന്തുണയ്ക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം അവരുമായി ആരോഗ്യപരമായുള്ള തുറന്ന ആശയ വിനിമയമാണ്. (Questions to ask from your children)
കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വിശ്വസ്തതയും സൗഹൃദവും ഉണ്ടാക്കുന്നതിലൂടെ ശക്തമായ പിന്തുണയാണ് അവര്‍ക്ക് നാം നല്‍കേണ്ടത്. അവര്‍ വഴി തെറ്റിപ്പോകാതിരിക്കാനും ഇത് സഹായിക്കും. ക്ഷമ, സഹാനുഭൂതി, ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ എന്നിവയിലൂടെ രക്ഷിതാക്കള്‍ക്ക് അവരുടെ കുഞ്ഞുങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാകും. എത്ര തിരക്കുകളുണ്ടെങ്കിലും അവയെല്ലാം മാറ്റി വച്ച് നിത്യവും അല്‍പ്പനേരം നമ്മള്‍ അവര്‍ക്കായി കണ്ടെത്തേണ്ടതുണ്ട്.
കുട്ടികളുടെ ജീവിതത്തില്‍ വിദ്യാലയങ്ങള്‍ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അത് കൊണ്ട് തന്നെ സ്കൂളിലെ വിശേഷങ്ങള്‍ നിത്യവും അവരോട് ചോദിച്ചിരിക്കണം. ഇന്ന് നിങ്ങള്‍ സ്കൂളില്‍ കളിച്ചോ? കളിക്കാന്‍ കൂടുതല്‍ സമയം വേണോ? തുടങ്ങിയ ചോദ്യങ്ങള്‍ നിര്‍ബന്ധമായും ചോദിച്ചിരിക്കണം. സ്കൂളുകളിലെ രസകരമായ സംഭവങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ അവരെ പ്രേരിപ്പിക്കാം. സ്കൂളില്‍ നിനക്ക് എന്ത് ചെയ്യാനാണ് ഏറ്റവും ഇഷ്ടം എന്നത് പോലുള്ള ചോദ്യങ്ങള്‍ അവരോട് ചോദിച്ച് അവരുടെ താത്പര്യങ്ങളും അഭിനിവേശങ്ങളും നമുക്ക് കണ്ടെത്താം.
സ്കൂളില്‍ എന്താണ് നിന്നെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് എന്ന ചോദ്യത്തിലൂടെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാം. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും ഇതിലൂടെ സാധിക്കും. സ്കൂളില്‍ നിന്നെ ഇന്ന് ആരെങ്കിലും പ്രശംസിക്കുകയുണ്ടായോ എന്നത് പോലുള്ള ചോദ്യങ്ങളിലൂടെ അവരുടെ നേട്ടങ്ങളെ അംഗീകരിക്കാനും അതിലൂടെ അവരുടെ ആത്മാഭിമാനം ശക്തമാക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു.