വാഷിങ്ടണ്‍: കൊവിഡ് വകഭേദമായ ഒമിക്രോണിന്‍റെ ആദ്യ ഉപ വകഭേദങ്ങള്‍ ബാധിച്ച് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് അണുബാധ പിടിപെടാത്തവരെക്കാള്‍ നാലിരട്ടി പ്രതിരോധം വര്‍ധിച്ചതായി പഠനങ്ങള്‍. വാക്‌സിന്‍ സ്വീകരിച്ച ആളുകളില്‍ കൊവിഡിന്‍റെ നിലവില്‍ പ്രചാരത്തിലുള്ള ബിഎ.5 ഉപവകഭേദം ബാധിക്കുന്നതിന്‍റെ സാധ്യത വിശകലനം ചെയ്യാന്‍ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതിനായി യഥാർഥ ലോക ഡാറ്റ ഉപയോഗിച്ച് കൊവിഡിന്‍റെ മുൻ വകഭേദങ്ങളുടെ അണുബാധകൾ നൽകുന്ന പരിരക്ഷയുടെ അളവും പഠനം നടത്തിയ പോർച്ചുഗലിലെ ഗവേഷകർ കണക്കാക്കി.
"ഒമിക്രോണ്‍ ഉപ വകഭേദമായ ബിഎ.1, ബിഎ.2 ബാധിച്ച് വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് ഉപ വകഭേദമായ ബിഎ.5 അണുബാധയ്‌ക്കെതിരെയുള്ള സംരക്ഷണമുണ്ട്. ഇത് രോഗബാധിതരാകാത്ത വാക്‌സിനേഷൻ എടുത്ത ആളുകളേക്കാൾ നാലിരട്ടി കൂടുതലാണ്" എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ലിസ്‌ബൺ സർവകലാശാലയിലെ പ്രൊഫസര്‍ ലൂയിസ് ഗ്രാക പറഞ്ഞു. 2020 ലും 2021 ലുമായി കൊവിഡിന്‍റെ മുന്‍ വകഭേദങ്ങളുടെ അണുബാധയേറ്റവര്‍ക്ക് ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദത്തിനെതിരെയുള്ള പരിരക്ഷയുണ്ട്. എന്നാല്‍ ഇത് ബിഎ.1 വകഭേദം ബാധിച്ചവരെക്കാള്‍ ഉയര്‍ന്ന പരിരക്ഷയല്ലെന്നും ഗവേഷകര്‍ അറിയിച്ചു. ഈ കണ്ടെത്തലുകള്‍ പ്രധാനമാണെന്ന് അറിയിച്ച പ്രൊഫസര്‍ ലൂയിസ്, വാക്‌സിനുകളുടെ ക്ലിനിക്കൽ വികസനം തന്നെ ബിഎ.1 വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഘം വ്യക്തമാക്കി.