ലണ്ടന്‍: അമേരിക്കയില്‍ അതിവേഗം വ്യാപിക്കുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 (BA.4.6) യുകെയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കൊവിഡ് വകഭേദങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം അനുസരിച്ച് ഈ ആഴ്‌ചയില്‍ 3.3 ശതമാനം സാമ്പിളുകളിലാണ് ബിഎ.4.6 സ്ഥിരീകരിച്ചത്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കുകള്‍ പ്രകാരം, യുഎസിലുടനീളമുള്ള സമീപകാല കൊവിഡ് കേസുകളിൽ 9 ശതമാനത്തിലധികം ബിഎ.4.6 കേസുകളാണ്. മറ്റ് പല രാജ്യങ്ങളിലും ഈ വകഭേദത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്താണ് ബിഎ.4.6?:ഒമിക്രോണ്‍ ബിഎ.4 (BA.4) വകഭേദത്തിന്‍റെ പിൻഗാമിയാണ് ബിഎ.4.6. ഈ വര്‍ഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് ബിഎ.5 (BA.5) വേരിയന്‍റിനൊപ്പം മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
ബിഎ.4.6 ഉയര്‍ന്നുവരുന്നത് എങ്ങനെയെന്ന് പൂര്‍ണമായും വ്യക്തമല്ല. എന്നാല്‍ ഇതൊരു പുനഃസംയോജന വകഭേദമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. SARS-CoV-2-ന്‍റെ (കൊവിഡ് 19ന് കാരണമാകുന്ന വൈറസ്) രണ്ട് വ്യത്യസ്‌ത വകഭേദങ്ങൾ ഒരേ സമയം ഒരേ വ്യക്തിയെ ബാധിക്കുമ്പോഴാണ് പുനഃസംയോജനം സംഭവിക്കുന്നത്.
ബിഎ.4.6 ഏറെക്കുറെ ബിഎ.4 ന് സമാനമാണെങ്കിലും വൈറസിന്‍റെ ഉപരിതലത്തിലുള്ള ഒരു പ്രോട്ടീൻ കോശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു. ഇത്തരത്തിലുള്ള സംക്രമണം മറ്റു വകഭേദങ്ങളിലും വിരളമായി കാണപ്പെടാറുണ്ട്. വാക്‌സിനേഷനിലൂടെയും മുന്‍കാല അണുബാധയിലൂടെയും ശരീരത്തിലുണ്ടായ ആന്‍റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് വൈറസിനെ സഹായിക്കും.
അപകടകാരിയല്ലെന്ന് നിഗമനം: ഒമിക്രോണ്‍ വകഭേദം താരതമ്യേനെ ഗുരുതരമല്ല. മറ്റ് കൊവിഡ് വേരിയന്‍റുകളെ അപേക്ഷിച്ച് ഒമിക്രോണില്‍ മരണങ്ങള്‍ കുറവാണ്. ബിഎ.4.6 വകഭേദവും ഇത്തരത്തിലുള്ളതാകാമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം.
ബിഎ.4.6 കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഒമിക്രോണ്‍ ഉപ വകഭേദങ്ങള്‍ക്കുള്ള വ്യാപനശേഷി മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതലാണ്. നിലവിൽ പ്രബലമായ വേരിയന്‍റായ ബിഎ.5 നെക്കാൾ ബിഎ.4.6 ന് പ്രതിരോധ സംവിധാനത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കഴിവുണ്ട്.
യുകെഎച്ച്‌എസ്‌എയുടെ ബ്രീഫിങ് അനുസരിച്ച്, ഇംഗ്ലണ്ടില്‍ ബിഎ.5 നെക്കാൾ 6.55 ശതമാനം കൂടുതല്‍ വളര്‍ച്ച നിരക്കാണ് ബിഎ.4.6 നുള്ളത്. അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ ബിഎ.4.6 വേഗത്തില്‍ വ്യാപിക്കുന്നതായാണ് കണക്കുകള്‍. കൊവിഡ് വാക്‌സിന്‍ മൂന്ന് ഡോസ് സ്വീകരിച്ചവരിലും ബിഎ.4.6 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്. ബിഎ.4.6 നെതിരെ കൊവിഡ് വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാക്‌സിനേഷന്‍റെ പ്രാധാന്യം: ബിഎ.4.6 ന്‍റെയും മറ്റ് പുതിയ വകഭേദങ്ങളുടെയും ആവിർഭാവം ആശങ്കാജനകമാണ്. വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. വാക്‌സിനേഷനിൽ നിന്നും മുമ്പത്തെ അണുബാധകളിൽ നിന്നും ശരീരത്തില്‍ ഉണ്ടായ പ്രതിരോധശേഷിയെ പോലും മറികടക്കാന്‍ കഴിവുള്ളവയാണ് പുതിയ വേരിയന്‍റുകള്‍.
വാക്‌സിന്‍ സ്വീകരിച്ചാലും രോഗം വരാനുള്ള സാധ്യതയുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ വാക്‌സിനുകള്‍ക്ക് കഴിയും. ഇപ്പോഴും കൊവിഡിനും അതിന്‍റെ വകഭേദങ്ങള്‍ക്കും എതിരെ പോരാടാനുള്ള മികച്ച ആയുധമാണ് വാക്‌സിനേഷന്‍. ബൈവാലന്‍റ് ബൂസ്റ്ററുകളെ പോലെ ഒന്നിലധികം വകഭേദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള മൾട്ടിവാലന്‍റ് കൊറോണ വൈറസ് വാക്‌സിനുകൾ വികസിപ്പിക്കുന്നത് കൂടുതല്‍ ഫലപ്രദമാകും.
ബിഎ.4.6 ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങളെ പ്രാധാന്യത്തോടെ കണ്ട് സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവ കൊവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിലേക്ക് നയിച്ചേക്കാം. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ജാഗ്രത പാലിക്കുന്നതും പകർച്ചവ്യാധിയായി തുടരുന്ന വൈറസിന്‍റെ വ്യാപനം തടയുന്നതിന് നിര്‍ദേശങ്ങള്‍ പാലിക്കുന്നതും ഗുണകരമാകും.