വാഷിങ്‌ടണ്‍:നിലവിലുള്ള അര്‍ബുദ ചികിത്സ രീതികള്‍ പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈ പാര്‍ശ്വഫലങ്ങളില്‍ പലതും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതുമാണ്. അര്‍ബുദം ബാധിക്കപ്പെട്ട കോശങ്ങളെ മാത്രമല്ല കീമോതറാപ്പി ബാധിക്കുന്നത് അതിന് ചുറ്റുപാടുമുള്ള ആരോഗ്യകരമായ കോശങ്ങളേയും ആക്രമിക്കും.
അതേപോലെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് അര്‍ബുദം പിടിപെട്ട കോശത്തെ നശിപ്പിക്കാന്‍ പ്രാപ്‌തമാക്കുന്ന ഇമ്മ്യുണോതറാപ്പി ചികിത്സാരീതിയും പാര്‍ശ്വഫലങ്ങള്‍ മുക്തമായ ചികിത്സ രീതിയല്ല. ഈ ചികിത്സാരീതികള്‍ അര്‍ബുദ രോഗികളുടെ ആയുസ് നീട്ടിനല്‍കുമെങ്കിലും ഇവയൊന്നും അര്‍ബുദം പൂര്‍ണമായി ഭേദമാക്കാന്‍ പര്യാപ്തമല്ല. വിവിധ അര്‍ബുദ രോഗ ചികിത്സകള്‍ അര്‍ബുദം ബാധിക്കപ്പെട്ട കോശങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനായാല്‍ പാര്‍ശ്വഫലങ്ങള്‍ വലിയൊരളവില്‍ ഒഴിവാക്കാന്‍ സാധിക്കും.
സുരക്ഷിതം ഈ ചികിത്സ: സുരക്ഷിതമായ അര്‍ബുദ ചികിത്സ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ചിക്കാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍. അര്‍ബുദത്തിനെതിരായ മരുന്ന് ട്യൂമറില്‍ എത്തിചേരുന്നതുവരെ അതിനെ മാസ്‌ക് ചെയ്‌തുകൊണ്ടുള്ള ചികിത്സാരീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.
ശരീരത്തില്‍ എത്തിചേരുന്ന രോഗാണുവിനേയും അപകടരമായ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെയുമൊക്കെ ചെറുക്കാന്‍ ശരീരത്തിന് സ്വാഭാവികമായ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ട്. ശരീരത്തിലെ ടി കോശങ്ങളാണ് ശരീരത്തിലെ വൈറസിനേയും അര്‍ബുദത്തേയുമൊക്കെ ചെറുക്കുന്നത്. ടി സെല്ലുകളെ പ്രവര്‍ത്തന നിരതമാക്കുന്നത് സൈറ്റോകൈന്‍സ് (cytokines) എന്ന് വിളിക്കുന്ന ഒരു തരം പ്രോട്ടീനുകളാണ്.
സൈറ്റോകൈന്‍സ് അര്‍ബുദ ചികിത്സയില്‍ നല്ല ആയുധമാണെന്ന് ശാസ്‌ത്രജ്ഞന്‍മാര്‍ കണക്കാക്കിയതാണ്. കാരണം സൈറ്റോകൈന്‍സ് ട്യൂമറിനെ നശിപ്പിക്കാന്‍ ശരീരത്തിന്‍റെ പ്രതിരോധസംവിധാനത്തെ പ്രാപ്തമാക്കും എന്നുള്ളതുകൊണ്ടാണ് ഇത്. അത്തരത്തിലുള്ള ഒരു സൈറ്റോകൈന്‍ ആയ ഇന്‍റര്‍ലിയുക്കിന്‍ (ഐഎല്‍)12, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും അര്‍ബുദ ചികിത്സയില്‍ ഇതിനെ ഉപയോഗിക്കാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ അനുമതിയില്ല. ഇതിന് കാരണം ഐഎല്‍12 കരളിനെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്.
പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ: ശരീരത്തിലെ ആരോഗ്യപരമായ കോശങ്ങളെ ബാധിക്കാതെ അര്‍ബുദ കോശങ്ങളെ മാത്രം ലക്ഷ്യം വെക്കുന്ന രീതിയില്‍ ഐഎല്‍12നെ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നതില്‍ ദീര്‍ഘകാലമായി പഠനങ്ങള്‍ നടത്തിവരികയായിരുന്നു. അര്‍ബുദം ബാധിക്കപ്പെട്ട കോശങ്ങളും ആരോഗ്യത്തോടെ നിലനില്‍ക്കുന്ന കോശങ്ങളും തമ്മില്‍ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. അര്‍ബുദ കോശങ്ങള്‍ മറ്റ് കോശങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് പെരുകുന്നു. ചില തരത്തിലുള്ള എന്‍സൈമുകള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് ചുറ്റുപാടുമുള്ള ആരോഗ്യകരമായ കോശങ്ങളിലേക്ക് അര്‍ബുദം പടരുന്നത്.
എന്നാല്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്ന കോശങ്ങള്‍ വിഭജിക്കുന്നത് താരതമ്യേന വേഗം കുറഞ്ഞാണ്. അപ്പോൾ എന്‍സൈമുകള്‍ കുറഞ്ഞ അളവില്‍ മാത്രമെ പുറപ്പെടുവിക്കുന്നുള്ളൂ. അര്‍ബുദം കോശങ്ങളും സാധാരണ കോശങ്ങളും തമ്മിലുള്ള ഈ വ്യത്യാസം മുതലെടുത്താണ് ഗവേഷകര്‍ സുരക്ഷിതമായ ഐഎല്‍-12 വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാധാരണയായി ഐഎല്‍ 12 പ്രോട്ടീനിന്‍റെ ഒരു ഭാഗം നമ്മുടെ പ്രതിരോധ കോശങ്ങളില്‍ പറ്റിപിടിച്ചുകൊണ്ടാണ് അതിനെ പ്രവര്‍ത്തന നിരതമാക്കുന്നത്.
മാസ്‌ക് ചെയ്യാം:ഐഎല്‍-12ന്‍റെ പ്രതിരോധ കോശങ്ങളില്‍ പറ്റിപ്പിടിക്കുന്ന ഭാഗം ആവരണം ചെയ്‌തുവെക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍ ചെയ്‌തത്. ഈ ആവരണം അര്‍ബുദ കോശങ്ങള്‍ക്ക് അടുത്ത് എത്തുമ്പോള്‍ മാത്രമെ നീക്കം ചെയ്യപ്പെടുകയുള്ളൂ. അങ്ങനെ ഈ ആവരണം നീക്കം ചെയ്യപ്പെടുമ്പോള്‍ മാത്രമെ ഐഎല്‍-12 പ്രോട്ടീന്‍ പ്രവര്‍ത്തന നിരതമാകുന്നുള്ളൂ. ഇതിലൂടെ തൊട്ടടുത്തുള്ള ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും അവ അര്‍ബുദ കോശങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു.
സ്താനാര്‍ബുദ രോഗികളില്‍ നിന്ന് എടുത്ത അര്‍ബുദ കോശങ്ങളും ആരോഗ്യകരമായ കോശങ്ങളും ഉപയോഗിച്ച് ലബോറട്ടറിയിലാണ് ആവരണം ചെയ്യപ്പെട്ട ഐഎല്‍ 12 പ്രവര്‍ത്തന ക്ഷമത പരീക്ഷിച്ചത്. അര്‍ബുദം ബാധിക്കപ്പെട്ട കോശങ്ങളില്‍ ഐഎല്‍ 12ന്‍റെ ആവരണം നീക്കം ചെയ്യപ്പെടുന്നുണ്ട് എന്ന് തെളിഞ്ഞിട്ടുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ആവരണം ചെയ്യപ്പെട്ട ഐഎല്‍ 12 അതിന്‍റെ കരളിനെ ബാധിക്കുന്നില്ല എന്നും തെളിഞ്ഞിട്ടുണ്ട്.
ആവരണം ചെയ്യപ്പെട്ട ഐഎല്‍ 12 ഉപയോഗിച്ചുള്ള ചികിത്സരീതി 90 ശതമാനം സ്തനാര്‍ബുദം സുഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. കോളന്‍ അര്‍ബുദത്തിന്‍റെ കാര്യത്തില്‍ നൂറുശതമാനവും സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ നിന്ന് അനുമാനിക്കുന്നു. ഇതിന്‍റെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുകയാണ് ഗവേഷകര്‍.