ന്യൂഡൽഹി:കൊവിഡിനെതിരെലോകത്തിലെ ആദ്യത്തെ ഇൻട്രാനേസൽ പ്രതിരോധത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ,മ്യൂക്കോസൽ വാക്‌സിന്‍ (മൂക്കിലൂടെ എടുക്കാവുന്ന കൊവിഡ് വാക്‌സിന്‍) ഒരു ഗെയിം ചേഞ്ചറാകുമെന്ന് ശാസ്‌ത്രജ്ഞർ. ചെറിയ അണുബാധയെ പോലും പ്രതിരോധിക്കാനും വ്യാപനം തടയാനും മ്യൂക്കോസല്‍ വാക്‌സിന് സാധിക്കുമെന്നാണ് ശാസ്‌ത്രജ്ഞര്‍ പറയുന്നത്.
കൊവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതും അതേസമയം ഫലപ്രദവുമായ മൂക്കിലൂടെയുള്ള വാക്‌സിനുകളാണ് വേണ്ടതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഭാരത് ബയോടെക്കിന്‍റെ നേസൽ വാക്‌സിന് (BBV154) 18 വയസും അതിൽ കൂടുതലുമുള്ളവർക്ക് അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ഇതുവരെ വിപണിയിൽ എത്തിയിട്ടില്ല.
കൂടുതല്‍ ഗുണപ്രദം:വൈറസ് പ്രധാനമായും ശരീരത്തിലേക്കെത്തുന്നത് മൂക്കിലൂടെയാണ്. മൂക്കിലൂടെ വാക്‌സിൻ എടുക്കുമ്പോൾ ശരീരത്തില്‍ വൈറസ് പ്രവേശിക്കുന്നതും വിഘടിക്കുന്നതും പ്രതിരോധിക്കാൻ സാധിക്കുന്നു. മ്യൂക്കോസൽ വാക്‌സിനുകൾക്ക് നേരിയ അസുഖങ്ങൾ പോലും തടയാനും മറ്റ് ആളുകളിലേക്ക് വൈറസ് പകരുന്നത് തടയാനും കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
വാക്‌സിനേഷൻ എടുത്ത ആളുകൾക്കിടയിൽ നിരവധി അണുബാധകൾക്കും അവ പകരാനും കാരണമാകുന്ന പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്നതിനാലാണ് കൊവിഡ് വ്യാപനം ഇപ്പോഴും തുടരുന്നതെന്ന് വാഷിംഗ്‌ടൺ സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് ടി ക്യൂറിയൽ പറഞ്ഞു. മൂക്കിലൂടെ എടുക്കാവുന്ന വാക്‌സിനായിരിക്കാം കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻട്രാനേസൽ വാക്‌സിനുകൾ ശ്വാസകോശത്തിലേക്കുള്ള പാസേജിൽ ആന്‍റിബോഡികൾ ഉത്പാദിപ്പിക്കുമെന്ന് ഇമ്മ്യൂണോളജിസ്റ്റും പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്‍ററിലെ (IISER) ഗവേഷകയുമായ വിനീത ബാൽ പറഞ്ഞു. വൈറസ് പ്രവേശിച്ച ഉടൻ തന്നെ വാക്‌സിന്‍ അതിനെ നിർവീര്യമാക്കുന്നു. ശ്വാസകോശങ്ങളിലേക്കും മറ്റ് അവയവങ്ങളിലേക്കും വൈറസ് പടരുന്നതിന് മുൻപ് ശരീരത്തിൽ നിന്ന് വൈറസിനെ പുറന്തള്ളാനാകുമെന്നത് ഇതിന്‍റെ സവിശേഷ സാധ്യതയാണ്. മറ്റ് ഇൻട്രാമസ്‌കുലാർ കുത്തിവയ്പ്പ് വാക്‌സിനുകളെ അപേക്ഷിച്ച് ഇത് ഒരു നേട്ടമാണെന്നും വിനീത ബാൽ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറമേ ചൈനയും:ഇന്ത്യയ്ക്ക് പുറമേ മ്യൂക്കോസൽ കൊവിഡ്-19 വാക്‌സിൻ അംഗീകരിച്ച മറ്റൊരു രാജ്യം ചൈനയാണ്. ചൈനയുടെ മ്യൂക്കോസൽ വാക്‌സിൻ മൂക്കിലൂടെയും വായിലൂടെയും സ്‌പ്രേ ചെയ്യുമ്പോള്‍ ഇന്ത്യയുടേത് മൂക്കിലൂടെ തുള്ളിമരുന്നായാണ് നൽകുക. BBV154 വാക്‌സിൻ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഏകദേശം 4,000 സന്നദ്ധപ്രവർത്തകരിൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രോഗപ്രതിരോധശേഷി സൃഷ്‌ടിച്ചുവെന്നും ഭാരത് ബയോടെക് അറിയിച്ചിരുന്നു.
മൂക്ക്, വായ, ശ്വാസകോശം എന്നിവയിലെ നേർത്ത ചർമത്തെയാണ് മ്യൂക്കോസൽ വാക്‌സിനുകൾ ലക്ഷ്യമിടുന്നത്. തുള്ളികൾ, സ്പ്രേകൾ അല്ലെങ്കിൽ കാപ്സ്യൂളുകൾ എന്നിവയിലൂടെ ശരീരത്തിലെ ബാരിയർ ഓർഗൻസിലെ (ഈ അവയവങ്ങൾ വായുവിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വിവിധ രോഗകാരികൾ, അലർജികൾ, മറ്റ് പാരിസ്ഥിതിക മലിനീകരണം എന്നിവയ്ക്കുള്ള പ്രധാന പോർട്ടലാണ്) ലൈനിങുകളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പ്രതിരോധശേഷി നൽകുന്നത്. കോൾഡ് വൈറസ് ഫാമിലിയിലെ അഡെനോവൈറസിൽ നിന്നാണ് BBV154 വികസിപ്പിച്ചിരിക്കുന്നത്.