ഒരിക്കലും നിലയ്ക്കാത്ത നദി പോലെയെന്നാണ് ചിന്തകളെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ മനസില്‍ ഉടലെടുത്തുകൊണ്ടേയിരിക്കുന്നു. നമ്മള്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മസ്‌തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടരുമോ?
ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനം. ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലേതെന്ന പോലെ നമ്മുടെ മസ്‌തിഷ്‌കം ഇടയ്‌ക്കിടെ ഓഫ്‌ലൈനിലേക്ക് പോകുന്നുണ്ടെന്നാണ് പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന സയന്‍റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍. ഇതിനെ മാനസിക ശൂന്യതയായി (Mental Voids) കണക്കാക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
ബെല്‍ജിയത്തിലെ ലീഷ് സർവകലാശാല, സ്വിറ്റ്സര്‍ലാന്‍ഡിലെ ഇപിഎഫ് ലോസാൻ, ജനീവ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണത്തിനായി നേരത്തെ ശേഖരിച്ച് വച്ച ഡാറ്റ വീണ്ടും വിശകലനം ചെയ്‌തായിരുന്നു പഠനം. ഇതിനായി എംആർഐ സ്‌കാനിങാണ് ഗവേഷകർ ഉപയോഗിച്ചത്.
എംആർഐ സ്‌കാനിങ്: അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്‍റെ ആന്തരിക ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആര്‍ഐ സ്‌കാന്‍
പഠനത്തില്‍ പങ്കെടുത്തവരോട് എംആർഐ സ്‌കാനിങിനായി കിടക്കുമ്പോള്‍ ബീപ്പ് ശബ്‌ദം കേള്‍ക്കുന്നതിന് തൊട്ട് മുന്‍പുള്ള മാനസികാവസ്ഥ വിവരിക്കാൻ ഗവേഷകര്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ധാരണകൾ (Environmental Perceptions), ഉത്തേജകങ്ങളാൽ സ്വാധീനിക്കപ്പെട്ട ചിന്തകൾ (Thoughts Influenced by Stimuli), ഉത്തേജകങ്ങളാൽ ബാധിക്കപ്പെടാത്ത ആശയങ്ങൾ (Ideas Unaffected by Stimuli), ഓര്‍മ പിശക് (Mental Lapses) എന്നിവയാണ് ഇവർക്ക് നൽകിയ ഓപ്ഷനുകൾ.