കൊവിഡ് വൈറസ് ശ്വസനവുമായി ബന്ധപ്പെട്ട അവയവങ്ങളെയാണ് ബാധിക്കുക എന്നാണ് ആദ്യം ശാസ്ത്ര ലോകം കരുതിയത്. എന്നാല്‍ പിന്നീട് കൊവിഡ് ബാധിക്കപ്പെട്ട ആളുകളില്‍ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തി. കൊവിഡ് രൂക്ഷമായവരിലാണ് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായത്.
ഇങ്ങനെ ബാധിക്കപ്പെട്ടവരില്‍ പലരേയും ഡയാലിസിസിന് വിധേയമാക്കേണ്ടി വന്നു. കിഡ്‌നിയെ എങ്ങനെ കൊവിഡ് വൈറസ് ബാധിക്കുന്നു എന്നുള്ളതിനെപറ്റിയുള്ള വിശദാംശങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇതില്‍ വെളിച്ചം വീശുന്ന പുതിയ പഠനമാണ് ഫ്രന്‍റിയേഴ്‌സ് ഇന്‍ സെല്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റെല്‍ ബയോളജി(Frontiers in Cell and Developmental Biology) എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗവേഷകര്‍ കിഡ്‌നിയിലെ പൊഡോസൈറ്റ് കോശത്തിന്‍റെ(podocyte cell ) മാതൃകയും കൊവിഡിന്‍റെ വ്യാജ വൈറസും( pseudovirus ) സൃഷ്ടിച്ചുകൊണ്ടാണ് ആദ്യഘട്ട പരീക്ഷണം നടത്തിയത്. സുരക്ഷിതമായി പരീക്ഷണങ്ങള്‍ക്കായി നിര്‍മ്മിച്ചെടുക്കുന്നതാണ് വ്യാജ വൈറസുകള്‍. പിന്നീട് കൊവിഡ് വൈറസ് ഉപയോഗിച്ചും പരീക്ഷണം നടത്തി.
രക്‌തത്തിലെ വിഷ പദാര്‍ഥങ്ങളേയും മാലിന്യങ്ങളേയും നീക്കം ചെയ്യാന്‍ സഹായിക്കുന്ന കിഡ്‌നിയിലെ കോശമാണ് പൊഡോസൈറ്റ്. കൊവിഡ് വ്യാജ വൈറസുകളുടെ സ്‌പൈക്ക് പ്രോട്ടീനുകള്‍ പൊഡോസൈറ്റിന്‍റെ റിസ്‌പറ്ററുകളില്‍ പറ്റിപിടിക്കുന്നുണ്ടെന്ന് പരീക്ഷണത്തില്‍ കണ്ടെത്തി. പ്രധാനപ്പെട്ട രണ്ട് തരത്തിലുള്ള പൊഡോസൈറ്റിന്‍റെ റിസ്‌പറ്ററുകളില്‍ പറ്റിപിടിക്കുന്നതിന് കൊവിഡ് വ്യാജ വൈറസിന്‍റെ സ്‌പൈക്ക് പ്രോട്ടീനുകള്‍ വളരെ യോജിച്ചതാണെന്നാണ് പരീക്ഷണത്തില്‍ കണ്ടെത്തിയത് .