മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ശരീര ദുര്‍ഗന്ധം. എത്ര തവണ കുളിച്ചാലും അമിത വിയര്‍പ്പും അസഹ്യമായ ഗന്ധവും പലരെയും അലട്ടാറുണ്ട്. കക്ഷങ്ങൾ, ഞരമ്പ്, പ്യൂബിക് മേഖല എന്നിവയാണ് സാധാരണയായി ദുർഗന്ധം വമിക്കുന്ന ഭാഗങ്ങൾ. ശരീര ദുര്‍ഗന്ധത്തിന് പല കാരണങ്ങളും ഉണ്ട്.
ദുർഗന്ധത്തിന് കാരണമാകുന്ന ഘടകങ്ങൾ; ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. "ഭക്ഷണം, ലൈംഗികത, ആരോഗ്യം, മരുന്നുകൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ശരീര ദുർഗന്ധത്തിന് കാരണമാകുന്നു. മനുഷ്യശരീരത്തിൽ സെബാസിയസ് ഗ്രന്ഥികൾ, എക്ക്രിൻ വിയർപ്പ് ഗ്രന്ഥികൾ, അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ എന്നിങ്ങനെ മൂന്ന് തരം വിയർപ്പ് ഗ്രന്ഥികളുണ്ട്. ശരീര ദുർഗന്ധം സാധാരണയായി അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികളിൽ നിന്നാണ് ഉണ്ടാകുന്നത്. അതിൽ നിന്ന് മിക്ക രാസ സംയുക്തങ്ങളും സ്രവിക്കുന്നു.
ചർമത്തിൽ അടങ്ങിയിരിക്കുന്ന മൈക്രോബയോട്ട ദുർഗന്ധത്തിന് കാരണമാകുന്ന വസ്‌തുക്കളിലേക്ക് കൂടുതൽ പ്രോസസ് ചെയ്യുന്നു. കക്ഷം, പൊക്കിൾ ഭാഗം, കഴുത്ത്, ജനനേന്ദ്രിയം, ചെവിക്ക് പിൻഭാഗം എന്നിങ്ങനെയുള്ള ചില ഭാഗങ്ങൾ ഈ പ്രക്രിയയ്ക്ക് കൂടുതൽ സാധ്യതയുള്ളതാണ്. ശരീരത്തിന്‍റെ മറ്റേതൊരു ഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയതോതിൽ കക്ഷങ്ങളിൽ ഈ പ്രക്രിയയുടെ സാധ്യത കൂടുതലാണ്.
ശരീര ദുർഗന്ധത്തിൽ ഭക്ഷണക്രമം വഹിക്കുന്ന പങ്ക്:ഭക്ഷണത്തിന് ശരീര ദുർഗന്ധത്തിൽ പ്രധാന പങ്കുണ്ട്. മുളക്, വെളുത്തുള്ളി, ഉള്ളി തുടങ്ങിയവ വിയർപ്പിന് രൂക്ഷഗന്ധം നൽകും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ശരീര ദുർഗന്ധത്തിന് കാരണമാകുന്നു.
ഉയർന്ന അളവിൽ ചില ഭക്ഷണം കഴിക്കുകയാണെങ്കിൽ അവയിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ മണമുള്ള സംയുക്തങ്ങൾ വിയർപ്പ് ഗ്രന്ഥികളിലൂടെ പുറന്തള്ളപ്പെടുകയും ഇത് ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യാം. ഇത്തരം സംയുക്തങ്ങൾ VOCs (അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ) എന്നറിയപ്പെടുന്നു. അവയ്ക്ക് പ്രത്യേകിച്ച് രൂക്ഷമായ വിയർപ്പ് ഉത്പാദിപ്പിക്കാൻ കഴിയും. ചില പോഷകങ്ങൾ കൂടുതലായി കഴിക്കുന്നത് ശരീര ദുർഗന്ധം കുറയ്ക്കാൻ സഹായിക്കുന്നതായി ന്യൂയോർക് ആസ്ഥാനമായുള്ള ഡെർമറ്റോളജിക്കൽ പഠനങ്ങൾ പറയുന്നു.
ഇലച്ചെടികൾ:ചീര, ലെറ്റുസ് (പച്ചടിച്ചീര) മുതലായ ഇലച്ചെടികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീര ദുർഗന്ധം കുറയ്‌ക്കാൻ സഹായകമാകും. ഇലച്ചെടികളിൽ ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദുർഗന്ധം ഉളവാക്കുന്ന ഘടകങ്ങളെ ക്ലോറോഫിൽ ഉപയോഗിച്ച് എളുപ്പത്തിൽ നിർവീര്യമാക്കാൻ കഴിയും
നാരുകളാൽ സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ:കടല, പയർ, ബീൻസ് തുടങ്ങിയ ഭക്ഷണസാധനങ്ങളിൽ നാരിന്‍റെ അംശം കൂടുതലാണ്. ദഹനം സുഗമമാക്കുന്നതിനാൽ ഇവ ആവശ്യത്തിന് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തൽഫലമായി, ഭക്ഷണത്തിലെ ഏതെങ്കിലും ദുർഗന്ധമുള്ള സംയുക്തങ്ങൾ വേഗത്തിൽ പ്രോസസ് ചെയ്യപ്പെടുന്നു. അതിനാൽ വിയർപ്പിലൂടെ പുറന്തള്ളപ്പെടുന്ന സംയുക്തത്തിന്‍റെ അളവ് കുറവായിരിക്കും.
സിട്രസ് പഴങ്ങൾ: ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആസിഡുകൾ ശരീരത്തിലൂടെ ജലം കടന്നുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ശരീരത്തിലെ വിഷവസ്‌തുക്കളുടെ അളവ് കുറയ്ക്കുന്നു.
ഹെർബൽ ടീ: ചമോമൈൽ ചായ, ഗ്രീൻ ടീ, പെപ്പർമിന്‍റ് തുടങ്ങിയ ഹെർബൽ ടീകൾ ദഹനം മെച്ചപ്പെടുത്തുന്നു.