മഞ്ഞുകാലമായതിനാൽ വിപണികളിൽ പഴങ്ങളും പച്ചക്കറികളും സുലഭമാണ്. ഇവ കൂടാതെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിവിധ ഔഷധസസ്യങ്ങളും ഈ സീസണിൽ വിപണിയിൽ സാധാരണക്കാർക്ക് ലഭ്യമാണ്. അത്തരം ഒരു ഔഷധ സസ്യമാണ് മഞ്ഞൾ.
ഇന്ത്യയിലെ സുഗന്ധവ്യഞ്‌ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ മഞ്ഞൾ പല ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്നുണ്ട്. മഞ്ഞൾ പാചകത്തിന് ഉപയോഗിക്കുന്നു എന്നത് മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുന്നതിനും വളരെ ഗുണപ്രദമാണ്. മഞ്ഞൾ എല്ലാ രൂപത്തിലും പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, സാധാരണ ഉണങ്ങിയ മഞ്ഞളിനേക്കാൾ ആരോഗ്യത്തിന് നല്ലത് പച്ച മഞ്ഞൾ കഴിക്കുന്നതാണ്.
കൂടാതെ ഇവ ശൈത്യകാലത്ത് വിപണിയിൽ ധാരാളം ലഭ്യവുമാണ്. ശൈത്യകാലത്ത്, രോഗങ്ങളോ അണുബാധകളോ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, പച്ചമരുന്നുകൾ എന്നിവ നമുക്ക് എളുപ്പത്തിൽ ലഭ്യവുമാണ്. നിയന്ത്രിത അളവിൽ കഴിച്ചാൽ പല തരത്തിൽ ആരോഗ്യത്തെ സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് പച്ച മഞ്ഞൾ.
ആയുർവേദത്തിൽ മഞ്ഞൾ: ആയുർവേദത്തിൽ 'ഹരിദ്ര' എന്നും അറിയപ്പെടുന്ന 'കുർകുമ ലോംഗ' ചെടിയുടെ വേരുകളാണ് വിപണിയിൽ ലഭിക്കുന്ന മഞ്ഞൾ എന്ന് ഭോപ്പാലിൽ നിന്നുള്ള ആയുർവേദ ഡോക്‌ടറായ ഡോ രാജേഷ് ശർമ പറയുന്നു. ആയുർവേദത്തിൽ, ഇത് ഒരു സസ്യമായി കണക്കാക്കപ്പെടുന്നു, ഇത് പല മരുന്നുകളിലും ചികിത്സകളിലും ഉപയോഗിക്കുന്നു. അതേസമയം അതിന്‍റെ ഗുണങ്ങൾ ആധുനിക വൈദ്യശാസ്‌ത്രവും അംഗീകരിക്കുന്നുണ്ട്.
മഞ്ഞളിന് 'വാത', 'കഫ' ദോഷങ്ങൾ കുറയ്ക്കാനുള്ള ഗുണങ്ങളുണ്ട്, ഇത് ശരീരത്തിലെ രക്തത്തിന്‍റെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം, പച്ച മഞ്ഞൾ ജലദോഷം, ചുമ തുടങ്ങിയ സീസണൽ അണുബാധകളെ തടയുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
മഞ്ഞളിൽ അടങ്ങിയിട്ടുള്ളതെന്തൊക്കെ?പച്ച മഞ്ഞളിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി6, കെ, പൊട്ടാസ്യം, സോഡിയം, ഡയറ്ററി ഫൈബർ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, സിങ്ക്, ഫോസ്‌ഫറസ്, തയാമിൻ, റൈബോഫ്ലേവിൻ തുടങ്ങിയവയും ആന്‍റി ഫംഗൽ, ആന്‍റിസെപ്‌റ്റിക്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ സമീകൃതമായ അളവിൽ കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന കുർക്കുമിൻ എന്ന മൂലകവും ഇതിൽ കാണപ്പെടുന്നു.
പച്ച മഞ്ഞളിന്‍റെ വിവിധ ആരോഗ്യ ഗുണങ്ങൾ
- മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്‍റീ ബാക്‌ടീരിയൽ ഗുണങ്ങൾ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും അവയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു.
- ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കുന്നു.
- ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ, സ്‌ട്രോക്ക്, പൊണ്ണത്തടി, പ്രമേഹം എന്നിവയ്‌ക്ക് ഗുണം ചെയ്യും.
- ഭാരവും പൊണ്ണത്തടിയും കുറയ്‌ക്കാനും ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) സന്തുലിതമായി നിലനിർത്താനും സഹായിക്കുന്നു.
- ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും ഗ്യാസ്, അസിഡിറ്റി, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ തടയുകയും ചെയ്യും.
- രക്തം ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
- സന്ധിവേദനയ്‌ക്ക് വലിയ ആശ്വാസം നൽകുന്നു.
- നാഡീവ്യൂഹത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഇത് സഹായകമാണ്.
- വായയിലെ പല പ്രശ്‌നങ്ങൾക്കും ആശ്വാസം നൽകുന്നു.
- പൈൽസ്, സ്‌ത്രീകളിലെ രക്താർബുദം, സ്‌തന സംബന്ധമായ പ്രശ്‌നങ്ങൾ, ചർമ സംബന്ധമായ പലതരം പ്രശ്‌നങ്ങൾ എന്നിവയ്‌ക്ക് ഒരു പരിധിവരെ പരിഹാരം നൽകുന്നു.
ചർമത്തിനും മുടിക്കും ഗുണകരം: പച്ച മഞ്ഞളിൽ കാണപ്പെടുന്ന ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റീ ബാക്‌ടീരിയൽ, ആന്‍റിസെപ്‌റ്റിക് ഗുണങ്ങൾ ആന്തരിക ആരോഗ്യത്തിന് മാത്രമല്ല, ചർമത്തിന്‍റേയും മുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും. പച്ച മഞ്ഞൾ രക്തം ശുദ്ധീകരിക്കാനും ചർമ്മവും മുടിയും സ്വാഭാവികമായും ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും സഹായിക്കും. ഇതുകൂടാതെ, പാടുകൾ, ചുളിവുകൾ, മുഖക്കുരു തുടങ്ങിയ ചർമപ്രശ്‌നങ്ങളിൽ നിന്നും ഇതിന്‍റെ ഉപയോഗം ആശ്വാസം നൽകുന്നു.
ഹെയർ മാസ്‌കിലും ക്രീമുകളിലും: സൗന്ദര്യ വർധക ഉല്‌പന്നങ്ങൾ ഉണ്ടാക്കുമ്പോൾ മഞ്ഞൾ ചേർക്കുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക ഈർപ്പം ദീർഘകാലത്തേക്ക് നിലനിർത്താൻ സഹായിക്കുന്നു. ഹെയർ മാസ്‌കുകളിൽ പുതിയ മഞ്ഞൾ ഉപയോഗിക്കുന്നത് താരൻ പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നൽകുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതുകൂടാതെ, തലയോട്ടിയിൽ ഉണ്ടാകുന്ന അണുബാധകൾക്കും പ്രശ്‌നങ്ങൾക്കും ഇതിന്‍റെ ഉപയോഗം ഗുണം ചെയ്യും.
ശൈത്യകാലത്ത്, പലരും ഇത് പച്ചക്കറികൾ, സൂപ്പ്, സലാഡുകൾ, സിറപ്പുകൾ, അച്ചാറുകൾ, ചട്നികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതേസമയം ഇത് വളരെ നിയന്ത്രിത അളവിലാണ് കഴിക്കേണ്ടതെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഡോക്‌ടർ നിർദേശിക്കുന്നു.
മഞ്ഞൾ ഒഴിവാക്കേണ്ട സാഹചര്യങ്ങൾ: ദഹനപ്രശ്‌നങ്ങൾ, വൃക്കയിൽ കല്ല്, മൂക്കിൽ നിന്ന് രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ പച്ച മഞ്ഞൾ നേരിട്ട് കഴിക്കുന്നത് ഒഴിവാക്കണം. ഇതുകൂടാതെ ഗർഭിണികളും ഇത് കഴിക്കുന്നത് ഒഴിവാക്കണം. മഞ്ഞൾ അമിതമായി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വർധിച്ച രക്തസമ്മർദം, വയറ്റിലെ പ്രശ്‌നങ്ങൾ എന്നിവയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഡോ. രാജേഷ് വിശദമാക്കുന്നുണ്ട്.
അതിനാൽ ഏത് രീതിയിൽ മഞ്ഞൾ കഴിക്കുമ്പോഴും സമീകൃത അളവിലാണെന്ന് ഉറപ്പ് വരുത്തുക. ഇതുകൂടാതെ, ഏതെങ്കിലും ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്നവരും ഏതെങ്കിലും തരത്തിലുള്ള ചികിത്സയോ തെറാപ്പിയോ സ്വീകരിക്കുന്നവരും ഇത് കഴിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്‌ധരെ സമീപിക്കേണ്ടതാണ്.