പ്രിയപ്പെട്ട ഒരാളുടെ മരണം വളരെ വേദനാജനകവും സങ്കീർണവുമാണ്. ഒരാളുടെ നഷ്‌ടവും ദുഃഖവും മാനസിനേയും ശരീരത്തിനേയും ഒരുപോലെ ബാധിക്കുന്നു. ആ വ്യക്തി ഒരിക്കലും തിരിച്ചുവരാൻ പോകുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പോലും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന അവസ്ഥകളുണ്ടാകുന്നു.
പ്രിയപ്പെട്ട ഒരാളുടെ നഷ്‌ടം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആഴത്തിൽ സ്വാധീനിച്ചേക്കാമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. അരിസോണ സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ദുഃഖത്തിന്‍റെ ആഘാതം എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു പഠന വിഷയം.
കണ്ടെത്തലുകൾ അനുസരിച്ച് കഠിനമായ ദുഃഖം രക്തസമ്മർദം വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. പഠന റിപ്പോർട്ടുകൾ സൈക്കോസോമാറ്റിക് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചു. പഠനത്തിന്‍റെ കണ്ടെത്തലുകൾ അനുസരിച്ച് ദുഃഖം ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിന് ശേഷം മരണസാധ്യതയും വർധിക്കുന്നതായി എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളിൽ വളരെക്കാലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷക മേരി - ഫ്രാൻസ് ഒ'കോണർ പറഞ്ഞു. പഠനത്തിന്‍റെ എഴുത്തുകാരിയും യൂണിവേഴ്‌സിറ്റി അരിസോണയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറുമാണ് മേരി-ഫ്രാൻസ് ഒ'കോണർ.
ഒ'കോണറും സഹപ്രവർത്തകരും നടത്തിയ പഠനത്തിൽ രക്തസമ്മർദം സാധ്യമായ ഒരു ഘടകമായി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം പ്രിയപ്പെട്ട ഒരാളെ നഷ്‌ടമായ 59 ആളുകളെ ഉൾപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടതിന് ശേഷമുള്ള ആദ്യ വർഷത്തിലെ ദുർബലമായ സമയത്തുണ്ടാകുന്ന ദുഃഖത്തിന്‍റെ ആഴം ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതിനെപ്പറ്റി പരിശോധിക്കുന്നതിനുള്ള ഒരു വഴിയായി തെരഞ്ഞെടുത്തുവെന്ന് പ്രധാന പഠന രചയിതാവ് റോമൻ പാലിറ്റ്സ്‌കി പറഞ്ഞു.