ലങ്കാസ്റ്റർ (ഇംഗ്ലണ്ട്):1990ന് ശേഷം ജനിച്ച ആളുകൾക്ക് 50 വയസിന് മുമ്പ് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. ലങ്കാസ്റ്റർ സർവകലാശാലയിൽ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. 20കളിലും 30കളിലും നമ്മളിൽ പലരും കാൻസറിനെ കുറിച്ച് ചിന്തിക്കാറില്ല. കാൻസറിന്‍റെ കാര്യത്തിൽ നമുക്ക് മാറ്റാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അതായത് നമുക്ക് പാരമ്പര്യമായി ലഭിച്ച ജീനുകൾ. എന്നാൽ അവ ഒഴികെയുള്ള അർബുദങ്ങൾ പലതും തടയാവുന്നതാണ്.
നമ്മളുടെ ജീവിതശൈലികൾ കാൻസറിന് ഒരു പരിധി വരെ കാരണമായേക്കാം. ഇത്തരം സാധ്യതകൾ കുറയ്‌ക്കുന്നതിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും.
വില്ലൻ പുകവലി: ശ്വാസകോശ അർബുദത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശ അർബുദം മാത്രമല്ല വായയിൽ ഉണ്ടാകുന്ന അർബുദം, തൊണ്ടയിലെ അർബുദം എന്നിങ്ങനെ 14 തരം കാൻസറിന് പുകവലി കാരണമാകുന്നു. സ്ഥിരമായി പുകവലിക്കുന്ന പത്തിൽ ഒൻപത് പേരും 25 വയസിന് മുമ്പ് പുകവലി ആരംഭിച്ചവരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പലതരത്തിലുള്ള കാൻസറിന് കാരണമാകുന്ന പുകവലി ഉപേക്ഷിക്കുകയാണ് കാൻസർ വരാതിരിക്കാനുള്ള ഒരു പോംവഴി.
വാപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ്) ജനപ്രീതി നേടിയതോടെ പുകവലിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു. പുകവലി ശരീരത്തെ ദോഷകരമായി ബാധിക്കുന്ന അത്രയും വാപ്പിങ് ശരീരത്തിന് ദോഷകരമല്ല. പുകവലി ഉപേക്ഷിക്കാനായി ഇ-സിഗരറ്റുകൾ ഉപയോഗിക്കാം എന്നാണ് കാൻസർ റിസർച്ച് യുകെ ശിപാർശ ചെയ്യുന്നത്.
കഞ്ചാവിന്‍റെ ഉപയോഗവും വൃഷണ കാൻസറിനുള്ള (testicular cancer) സാധ്യതയും തമ്മിൽ ചെറിയ ബന്ധമുണ്ടെന്നതിന് ചില തെളിവുകൾ ഉണ്ടെങ്കിലും കഞ്ചാവ് വലിക്കുന്നതിന്‍റെ ഫലങ്ങളും ക്യാൻസർ അപകടസാധ്യതയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ ഗവേഷണം നടക്കുന്നതുവരെ, ഇവ രണ്ടും ഒഴിവാക്കുന്നതാണ് നല്ലത്.
സുരക്ഷിതമായ ലൈംഗികബന്ധം പരിശീലിക്കുക: ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗികമായി പകരുന്ന അണുബാധയാണ് എച്ച്‌പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്). ഇത് ജനനേന്ദ്രിയത്തിലെ മുഴയ്‌ക്ക് കാരണമാകുന്നു. ഗര്‍ഭാശയമുഖം (cervix), ലിംഗം (penis), വായ (mouth), തൊണ്ട (mouth) എന്നിവിടങ്ങളിലെ കാൻസറിന് ഇത് കാരണമാകും. എച്ച്പിവിയുമായി ബന്ധപ്പെട്ട കാൻസറുകൾ യുവാക്കളിൽ കൂടുതൽ കാണപ്പെടുന്നു. യുകെയിൽ മാത്രം 30-34 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഗർഭാശയ അർബുദം കൂടുതലായി കാണുന്നത്.
എച്ച്പിവിയ്‌ക്കെതിരായ വാക്‌സിനേഷൻ എടുക്കുകയും സുരക്ഷിതമായ ലൈംഗികത പരിശീലിക്കുകയും ചെയ്യുന്നത് വൈറസിൽ നിന്നുള്ള അണുബാധയിൽ നിന്ന് സംരക്ഷിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെർവിക്കൽ സ്ക്രീനിംഗ് (ഒരു സ്‌മിയർ ടെസ്റ്റ്) പ്രധാനമാണ്. ഇതിലൂടെ എച്ച്പിവി അണുബാധയുടെ സാന്നിധ്യം കണ്ടെത്താനാകും. അതുപോലെ, 25 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഓരോ അഞ്ച് വർഷത്തിലും പരിശോധന നടത്തുകയും ചെയ്യുക.
അമിതഭാരവും പൊണ്ണത്തടിയും പ്രശ്‌നക്കാർ: കുടൽ, സ്‌തനങ്ങൾ, ഗർഭപാത്രം, പാൻക്രിയാസ് എന്നിവയുൾപ്പെടെ 13 വ്യത്യസ്‌ത കാൻസറുകളുടെ അപകടസാധ്യതയ്‌ക്ക് അമിതഭാരവും പൊണ്ണത്തടിയും കാരണമാകുന്നു. അമിതമായ കൊഴുപ്പ് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ട്യൂമറുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും കാൻസർ കോശങ്ങളെ വിഭജിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കോശങ്ങൾ ഈസ്ട്രജൻ ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് സ്‌തനത്തിലും ഗർഭപാത്രത്തിലും മുഴകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഇക്കാരണത്താൽ, സ്ത്രീകളിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.