പല അവസരങ്ങളിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ അറിഞ്ഞോ അറിയാതെയോ ചില മൂലകങ്ങളും പോഷകങ്ങളും നമ്മുടെ ശരീരത്തിലേക്ക് അധികമായി എത്തിച്ചേരാറുണ്ട്. കൂടാതെ ചില ആസക്‌തിയുളവാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രത്യേക മൂലകങ്ങൾ ആവശ്യമുള്ളതിലും കൂടുതൽ നമ്മുടെ ശരീരത്തിലേക്ക് എത്താൻ കാരണമാകും.
നമ്മുടെ ശരീരം ഇത്തരം അനാവശ്യ വസ്‌തുക്കളെ പല രീതിയിൽ പുറന്തള്ളുന്നുണ്ടെങ്കിലും ചില പ്രത്യേക സമയങ്ങളിൽ അതിന് സാധിക്കാതെ വരികയും ഇത്തരം മൂലകങ്ങൾ ദൂഷ്യഫലങ്ങൾക്ക് കാരണമാകുകയും ചെയ്യാം.
അധികമായാൽ അമൃതും വിഷം
ചില അവസരങ്ങളിൽ ചില ഭക്ഷണപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് ഡോക്‌ടർമാർ ശുപാർശ ചെയ്യുന്നുവെന്ന് ഇൻഡോർ ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്‌ധയായ ഡോ. സംഗീത മാളു പറയുന്നു. ദിവസവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുകയും ശരീരത്തിന് ദോഷകരമായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ചില ഭക്ഷണപദാർഥങ്ങളുടെ അമിത ഉപയോഗം പാർശ്വഫലങ്ങൾക്ക് കാരണമാകും. ചില പദാർഥങ്ങൾ മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഇതാ:
പഞ്ചസാര
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. എന്നാൽ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. മധുരം അധികമായി കഴിക്കുന്നതിലൂടെ കാലക്രമേണ പ്രമേഹം വരാൻ ഇടയുണ്ടെന്നത് കൂടാതെ പ്രതിരോധ ശേഷി കുറക്കുന്നതിനും കാരണമാകും.
കൂടാതെ, ഫാറ്റി ലിവർ, മറവി, മുഖക്കുരു, അകാല ചുളിവുകൾ, ഹൃദ്രോഗം, ഉയർന്ന രക്ത സമ്മർദം, കൊളസ്ട്രോൾ എന്നിവക്കും മധുരം അധികമായി ഉപയോഗിക്കുന്നത് കാരണമാകും.
ട്രാൻസ് ഫാറ്റും പൂരിത കൊഴുപ്പുകളും
ട്രാൻസ് ഫാറ്റിന്‍റെയും പൂരിത കൊഴുപ്പുകളുടെയും ശരീരത്തിന് ഏറ്റവും അപകടകരമാണ്. അവ ശരീരത്തിലേക്ക് അമിതമായി എത്തുന്നത് ചീത്ത കൊളസ്ട്രോളിന്‍റെ അളവ് വർധിപ്പിക്കുക മാത്രമല്ല, നല്ല കൊളസ്ട്രോളിന്‍റെ അളവ് കുറക്കുകയും അമിത വണ്ണം, ടൈപ്പ് -2 പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.