ന്യൂഡല്‍ഹി:രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള അവശ്യമരുന്നുകളുടെ വില ഉയരും. അവശ്യമരുന്നുകളുടെ വിലയില്‍ നാളെ (ഏപ്രില്‍ ഒന്ന്) മുതല്‍ 12 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടാകുക. വാര്‍ഷിക മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കി പുതിയ സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കമ്പനികള്‍ക്ക് മരുന്ന് വില വര്‍ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. മരുന്നുകള്‍ക്ക് 12 ശതമാനത്തോളം വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മരുന്ന് വില നിയന്ത്രണ സ്ഥാപനം നാഷ്‌ണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലാണ് മരുന്നുകളുടെ വില ഉയരുന്നത്.
384 മരുന്ന് തന്മാത്രകൾ (മോളിക്യൂൾസ്) ഉൾപ്പെടുന്ന 800 ലധികം മരുന്നുകളുടെ (ഫോർമുലേഷൻസ്) വിലയിലാണ് വർധനവ് രേഖപ്പെടുത്തുക. ചില മെഡിക്കല്‍ ഉപകരണങ്ങളുടെ വിലയും വര്‍ധിക്കും. എൻപിപിഎ മരുന്നുകളുടെ പുതുക്കിയ വില ഉടന്‍ പുറത്ത് വിടും.
വില ഉയരുന്ന മരുന്നുകള്‍:നോൺ-ഒപിയോയിഡ് വേദനസംഹാരികൾ, ആന്‍റിപൈറിറ്റിക്‌സ്, നോൺ-സ്റ്റിറോയിഡൽ ആന്‍റി ഇന്‍ഫ്ലാമേറ്ററി മരുന്നുകളായ പാരസെറ്റമോൾ, ഡിക്ലോഫെനാക്, ഇബുപ്രോഫെൻ എന്നിവയുടെ വില ഉയരും. കൂടാതെ ഫെന്‍റനൈൽ, മോർഫിൻ, ട്രമഡോൾ തുടങ്ങിയ ഒപിയോയിഡ് വേദനസംഹാരികളുടെ വിലയും വര്‍ധിക്കും. അമോക്‌സിലിൻ, അസിത്രോമൈസിൻ, സിപ്രോഫ്ലോക്‌സാസിൻ, ബെൻസിൽ പെൻസിലിൻ, ഡോക്‌സിസൈക്ലിൻ, ജെന്‍റെമൈസിൻ തുടങ്ങി വ്യാപകമായി ഉപയോഗിക്കുന്ന ആന്‍റി ബാക്‌ടീരിയല്‍ മരുന്നുകളുടെ വിലയും കൂടും.
അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി: അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്‌ക്ക് വേണ്ടി വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ കസ്റ്റംസ് തീരുവയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്. മരുന്നിന് പുറമെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ഇളവ് ബാധകമാണ്. ഇറക്കുമതി തീരുവയിലെ ഇളവും നാളെ (ഏപ്രില്‍ ഒന്ന്) മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
അതോടൊപ്പം വിവിധ കാന്‍സറുകളുടെ ചികിത്സയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്ന പെംബ്രോലിസുമാബിനും (കെയ്‌ട്രുഡ) അടിസ്ഥാന കസ്‌റ്റംസ് തീരുവ സര്‍ക്കാര്‍ ഒഴിവാക്കി. ധനമന്ത്രാലയാമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. അപൂർവ രോഗങ്ങൾക്കായുള്ള ദേശീയ നയം 2021ല്‍ പട്ടികപ്പെടുത്തിയിട്ടുള്ള മുഴുവന്‍ രോഗങ്ങളുടെയും ചികിത്സയ്‌ക്ക് വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെയും പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെയും കസ്റ്റംസ് തീരുവയില്‍ പൂര്‍ണ ഇളവ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്നാണ് ധനമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ പറയുന്നത്.
പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് സര്‍ട്ടിഫിക്കേറ്റ് വേണം: ഒരു പ്രത്യേക രോഗമോ ബുദ്ധിമുട്ടോ അല്ലെങ്കില്‍ രോഗാവസ്ഥയോ ഉള്ള വ്യക്തികള്‍ക്ക് അവരുടെ ഭക്ഷണ പരിപാലനത്തില്‍ പോഷകാഹാര പിന്തുണ നൽകേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത്. ഇവയുടെ ഇറക്കുമതി തീരുവയില്‍ ഇളവ് ലഭിക്കാന്‍ ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തി കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാന ഹെല്‍ത്ത് സര്‍വീസ് ഡയറക്‌ടറുടെയോ ജില്ല മെഡിക്കല്‍ ഓഫിസറുടെയോ ജില്ല സിവില്‍ സര്‍ജന്‍റേയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.