കേരളം

kerala

'അധികമായാൽ ഉപ്പും വിഷം'; മരണം വരെ സംഭവിക്കാം

By

Published : Mar 10, 2023, 12:24 PM IST

ആഗോള തലത്തിൽ ഒരാളുടെ പ്രതിദിന ശരാശരി ഉപ്പ് ഉപഭോഗം 10.8 ഗ്രാം ആണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു ടീ സ്‌പൂണ്‍ ഉപ്പ് അതായത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം കഴിക്കാൻ കഴിയുന്നത്.

Efforts for reducing salt  WHO  World Health Organization  Sodium  Side effect of Sodium  side effects of eating too much salt  അമിതമായി ഉപ്പ് കഴിക്കുന്നതിലെ ആരോഗ്യ പ്രശ്‌നങ്ങൾ  സോഡിയം  സോഡിയത്തിന്‍റെ അളവ് കൂടിയാൽ  ഉപ്പ്  അധികമായാൽ ഉപ്പും വിഷം  അറിയാം ഉപ്പിന്‍റെ ദോഷവശങ്ങൾ
അറിയാം ഉപ്പിന്‍റെ ദോഷവശങ്ങൾ

നമ്മുടെദൈനംദിന ഭക്ഷണക്രമത്തിലെ ഏറ്റവും അവിഭാജ്യമായ വസ്‌തുവാണ് ഉപ്പ്. മധുര പദാർഥങ്ങൾ ഒഴിച്ച് മറ്റെന്തിലും ഉപ്പിട്ട് കഴിക്കുന്നവരാണ് നാം. പ്രത്യേകിച്ച് മലയാളികൾക്ക് ഭക്ഷണത്തിൽ രുചി ലഭിക്കാൻ ഉപ്പ് കൂടിയേ തീരൂ. 'ഉപ്പില്ലാത്ത കഞ്ഞി' എന്ന പ്രയോഗം തന്നെ മലയാളികൾക്കിടയിൽ ഉപ്പിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. എന്നാൽ ഈ ഉപ്പ് ആളത്ര നിസാരക്കാരനല്ല എന്ന കാര്യം എത്ര പേർക്കറിയാം?

സോഡിയം, ക്ലോറൈഡ് എന്ന രണ്ട് മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. ഉപ്പ് കഴിക്കുമ്പോൾ സ്വാഭാവികമായും വലിയ അളവിൽ സോഡിയം നമ്മുടെ ശരീരത്തിലേക്ക് കടക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരു ടീ സ്‌പൂണ്‍ ഉപ്പ് അതായത് അഞ്ച് ഗ്രാം ഉപ്പ് മാത്രമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമായുള്ളത്. എന്നാൽ നാം ഒരു ദിവസം ഒരു സ്‌പൂണ്‍ ഉപ്പ് മാത്രമാണോ കഴിക്കുന്നത്?

അമിതമായി കഴിച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, അകാല മരണം എന്നിവയ്‌ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു അവശ്യ പോഷകമാണ് ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം. എന്നാൽ ലോക ജനസംഖ്യയുടെ 3 ശതമാനം മാത്രമേ നിർബന്ധിത സോഡിയം കുറയ്‌ക്കൽ നയങ്ങളാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളു എന്നതാണ് ലോകാരോഗ്യ സംഘടനയുടെ 'സോഡിയം ഉപഭോഗം കുറയ്‌ക്കുന്നതിനെക്കുറിച്ചുള്ള ആഗോള റിപ്പോർട്ട്' വ്യക്‌തമാക്കുന്നത്.

സോഡിയം കുറയ്‌ക്കൽ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ 2023 ഓടെ ആഗോളതലത്തിൽ 7 ദശലക്ഷം ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ ഡബ്യുഎച്ച്ഒ അംഗരാജ്യങ്ങളിൽ 73 ശതമാനത്തിനും സമാനമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പൂർണമായ ശ്രേണി ഇല്ലെന്നും ഈ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.

മിക്ക രാജ്യങ്ങളും നിർബന്ധിത സോഡിയം കുറയ്ക്കൽ നയങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നിലവിൽ ബ്രസീൽ, ചിലി, ചെക്ക് റിപ്പബ്ലിക്, ലിത്വാനിയ, മലേഷ്യ, മെക്‌സികോ, സൗദി അറേബ്യ, സ്‌പെയിൻ, ഉറോഗ്വേ എന്നീ ഒൻപത് രാജ്യങ്ങളിൽ മാത്രമാണ് സോഡിയം ഉപയോഗം കുറയ്‌ക്കാൻ ശുപാർശ ചെയ്യുന്ന നയങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ളു.

ആഗോള തലത്തിൽ മരണത്തിനും രോഗത്തിനും പ്രധാന കാരണമാകുന്നത് അനാരോഗ്യകരമായ ഭക്ഷണക്രമമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറയുന്നത്. ഇതിൽ അമിതമായ സോഡിയത്തിന്‍റെ ഉപയോഗമാണ് പ്രധാന വില്ലൻ.

സോഡിയത്തിന്‍റെ അമിത ഉപയോഗം ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കുന്നു. സോഡിയം കുറയ്‌ക്കുന്നതിനുള്ള ലോകാരോഗ്യ സംഘനടയുടെ മാർഗനിർദേശങ്ങൾ ഇവയാണ്.

  1. ഉപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണക്രമത്തിൽ പുനഃക്രമീകരിക്കണം. ഭക്ഷണത്തിൽ സോഡിയത്തിന്‍റെ അളവ് എത്രത്തോളം വേണമെന്നതിൽ ടാർഗറ്റ് നിർണയിക്കണം.
  2. ആശുപത്രികൾ, സ്‌കൂളുകൾ, ജോലിസ്ഥലങ്ങൾ, നഴ്‌സിങ് ഹോമുകൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ ഉപ്പ് അല്ലെങ്കിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുന്നതിന് പൊതു ഭക്ഷ്യ സുരക്ഷ നയങ്ങൾ രൂപീകരിക്കണം.
  3. ഫ്രണ്ട്-ഓഫ്-പാക്കേജ് ലേബലിങ് നിർബന്ധമാക്കണം. ഇത് സോഡിയം കുറഞ്ഞ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
  4. ഉപ്പ്/സോഡിയം എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിന് മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണങ്ങൾ നടത്തണം.

'ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സോഡിയം ബെഞ്ച്മാർക്കുകൾക്ക്' അനുസൃതമായി സംസ്‌കരിച്ച ഭക്ഷണങ്ങളിൽ സോഡിയത്തിന്‍റെ അളവ് പുനക്രമീകരിക്കാനും അവ നടപ്പിലാക്കാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷ്യ നിർമ്മാതാക്കളോട് അവരുടെ ഉൽപ്പന്നങ്ങളിൽ സോഡിയം കുറയ്ക്കുന്നതിനുള്ള ടാർഗറ്റുകൾ സ്ഥാപിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

സോഡിയം കുറയ്ക്കുന്നതിനുള്ള നയങ്ങളുടെ തരത്തെയും എണ്ണത്തെയും അടിസ്ഥാനമാക്കി അംഗരാജ്യങ്ങൾക്കായി ഒരു സോഡിയം കൺട്രി സ്‌കോർ കാർഡും ഡബ്യുഎച്ച്ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ ആഗോള തലത്തിൽ ഒരാളുടെ പ്രതിദിന ശരാശരി ഉപ്പ് ഉപഭോഗം 10.8 ഗ്രാം ആണ്.

എന്നാൽ പ്രതിദിനം 5 ഗ്രാമിൽ (ഒരു ടീസ്‌പൂൺ) ഉപ്പ് വേണമെന്ന ഡബ്യുഎച്ച്ഒയുടെ നിർദേശത്തിന്‍റെ ഇരട്ടിയിലധികം വരും ഇത്. കൂടാതെ ഉയർന്ന അളവിൽ സോഡിയം കഴിക്കുന്നത് ഗ്യാസ്ട്രിക് ക്യാൻസർ, പൊണ്ണത്തടി, ഓസ്റ്റിയോപൊറോസിസ്, കിഡ്‌നി രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായുള്ള തെളിവുകളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details