ഡോ. സുൽഫി നൂഹ് ഇടിവി ഭാരതിനോട് തിരുവനന്തപുരം:ചൈനയിലടക്കം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ. ഇത്തരമൊരു സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. 40 ദിവസത്തിനുള്ളിൽ തീവ്ര വ്യാപനമുണ്ടെങ്കിൽ സൂചനകൾ ലഭിക്കും. അതിനാലാണ് 40 ദിവസം ജാഗ്രതയെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ മുന്നൊരുക്കം നടത്താനും ആശുപത്രികളിൽ മോക്ഡ്രിൽ അടക്കം നടത്താനും കേന്ദ്ര നിർദേശമുണ്ട്. ഇതനുസരിച്ചുള്ള നടപടികൾ കേരളവും ആരംഭിച്ചു കഴിഞ്ഞു.
അതീവ ജാഗ്രതയിൽ കേരളം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നാണ് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. 60 വയസ് കഴിഞ്ഞവർക്കും അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും കൊവിഡ് കരുതൽ ഡോസ് എത്രയും വേഗം എത്തിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മാസ്‌കുകൾ, പിപിഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ നിർദേശവും നൽകി. നേരത്തെ കൊവിഡിന്‍റെ ആദ്യ തരംഗങ്ങളിൽ ഉണ്ടായിരുന്ന കൊവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു.
ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയുള്ള പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രവാസികൾ ഏറെയുള്ളതിനാൽ വിമാനത്താവളങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
മാസ്‌ക്, പ്രതിരോധശേഷി.. ആവശ്യം ഇവയൊക്കെ:കൊവിഡ് പ്രതിരോധത്തിൽ പ്രധാനം മാസ്‌ക് ധരിക്കൽ തന്നെയാണ്. കേസുകളുടെ എണ്ണം കുറഞ്ഞതോടെ ഏറെക്കുറെ പൂർണമായിത്തന്നെ മാസ്‌ക് ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാൽ, കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ മാസ്‌കുകൾ വീണ്ടും ഉപയോഗിച്ച് തുടങ്ങി. ഇത് വിപണിയിലും പ്രകടമായി തുടങ്ങിയിട്ടുണ്ട്.
ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങൾ എസി മുറികൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്‌ക് ധരിക്കുന്നത് ഉചിതമാകുമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ സംബന്ധിച്ച് ഔദ്യോഗിക നിർദേശങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ വിദഗ്‌ധരും ഇതിനെ അനുകൂലിക്കുന്നില്ല.
ആശങ്ക വേണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ:ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നിലപാട്. വാക്‌സിനേഷനിൽ വളരെ മുന്നോട്ടു പോകാൻ കഴിഞ്ഞതും കൂടുതൽ പേർക്ക് രോഗബാധ ഉണ്ടായതിനാലുള്ള പ്രതിരോധശേഷിയും കൊണ്ട് തന്നെ കേരളത്തിൽ അതിതീവ്ര വ്യാപനം എന്ന ഭീഷണി ഇല്ല എന്ന് ഐഎംഎ കേരള പ്രസിഡന്‍റ് ഡോക്‌ടർ സുൽഫി നൂഹ് പറയുന്നു.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മരുന്നുകളുടെ ആവശ്യമില്ല. ആദ്യതരംഗങ്ങളിൽ തന്നെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനം കൊവിഡിനെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ഒരു തരംഗം ഉണ്ടായാൽ അതിന് അനായാസം നേരിടാൻ കഴിയുമെന്നും ഡോ. സുൽഫി പറഞ്ഞു.