കൊവിഡ് 19 വൈജ്ഞാനിക വൈകല്യത്തിനും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് യുകെയിലെ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെയും ലണ്ടനിലെ ഇംപീരിയൽ കോളജിലെയും ഗവേഷകർ. കൊവിഡിൽ നിന്നും മുക്തരായവർക്ക് മാസങ്ങൾക്ക് ശേഷം മന്ദഗതിയിലുള്ള ചിന്ത, വാക്കുകൾ ഓർമിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഉറക്കക്കുറവ്, ഉത്‌കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്‌ഡി) എന്നിവ റിപ്പോർട്ട് ചെയ്യുന്നതായി ഗവേഷകർ പറയുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 46 വ്യക്തികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനം നടത്തിയവരിൽ 16 പേർ വെന്‍റിലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്.
കൊവിഡ് മുക്തരായി ആറ് മാസങ്ങൾക്ക് ശേഷം രോഗികളെ വിശദമായ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള കൊഗ്നിറ്റീവ് പരിശോധനകൾക്ക് വിധേയരാക്കി. ഓർമ, ശ്രദ്ധ, യുക്തി തുടങ്ങിയ മാനസിക കഴിവുകളുടെ വ്യത്യസ്‌ത വശങ്ങൾ അളക്കുന്ന കൊഗ്നിട്രോൺ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് രോഗികളെ പരിശോധനക്ക് വിധേയരാക്കിയത്. ഉത്‌കണ്‌ഠ, വിഷാദം, പിടിഎസ്‌ഡി എന്നിവയും വിലയിരുത്തി.
കൊവിഡ് ബാധിക്കാത്തവരേക്കാൾ കൃത്യതയും വേഗതയും കുറവാണ് കൊവിഡ് ബാധിച്ചവർക്കെന്നും ആറ് മാസങ്ങൾക്ക് ശേഷവും ഈ വൈകല്യങ്ങൾ നിലനിൽക്കുന്നുവെന്നും പഠനം പറയുന്നു. വെന്‍റിലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടവരിലാണ് ഈ വൈകല്യങ്ങൾ ഏറ്റവും ശക്തമായി കാണപ്പെട്ടത്. കൊവിഡ് മുക്തരായവർക്ക് വാക്കുകൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട്, മന്ദത തുടങ്ങിയ വൈജ്ഞാനിക വൈകല്യത്തിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. കാലക്രമേണ ഇത് മെച്ചപ്പെടാൻ സാധ്യതയുണ്ടെങ്കിലും വീണ്ടെടുക്കലിനെ രോഗത്തിന്‍റെ തീവ്രതയും അതിന്‍റെ നാഡീപരവും മാനസികവുമായ ആഘാതങ്ങൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുമെന്നും പഠനം.
കാര്യങ്ങൾ ഓർമിക്കുന്നതിനോ പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ തീരുമാനമെടുക്കുന്നതിനോ പ്രശ്‌നം ഉണ്ടാകുന്നതിനെയാണ് വൈജ്ഞാനിക വൈകല്യം എന്നു പറയുന്നത്. നേരിട്ടുള്ള അണുബാധ വൈജ്ഞാനിക വൈകല്യത്തിന് കാരണമാണ്. എന്നാൽ അത് ഒരു പ്രധാന കാരണമല്ല. തലച്ചോറിലേക്കുള്ള ഓക്‌സിജന്‍റെയോ രക്തത്തിന്‍റെയോ അപര്യാപ്‌തത, രക്തം കട്ടപിടിക്കുന്നതു മൂലം രക്തക്കുഴലുകളിലുണ്ടാകുന്ന തടസം, സൂക്ഷ്‌മമായ രക്തസ്രാവം തുടങ്ങിയവയൊക്കെ വൈജ്ഞാനിക വൈകല്യത്തിന് കാരണമാണ്.