ആരോഗ്യം നിലനിര്‍ത്തുക, ശരീര സൗന്ദര്യം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആളുകള്‍ ജിമ്മില്‍ പോവുന്നതും കഠിനാധ്വാനം ചെയ്യുന്നതും. അമേരിക്കന്‍ ഹാസ്യതാരം എറിക് ആന്‍ഡ്രിനെപ്പോലുള്ള സെലിബ്രിറ്റികൾ ഉൾപ്പടെ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സിക്‌സ് പാക്ക് വര്‍ക്ക് ഔട്ടുകള്‍ ചെയ്‌ത അനുഭവങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. പ്രതീക്ഷിച്ചതിലും വളരെ വെല്ലുവിളി നിറഞ്ഞതാണ്, 'മസിലുപിടുത്തം' എന്ന് ഈ സാക്ഷ്യപ്പെടുത്തലുകളില്‍ നിന്നും നമുക്ക് വ്യക്തമായതുമാണ്.
സിക്‌സ് പാക്ക് നേടാന്‍ സ്ഥിരമായ കഠിനാധ്വാനവും നല്ലപോലെയുള്ള ഭക്ഷണക്രമവും ആവശ്യമാണ്. മസില്‍ പെരുപ്പിച്ച് ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ഈ ഭക്ഷണക്രമം കൊണ്ടുമാത്രം കാര്യമില്ല, കൃത്യമായ രീതിയില്‍ ഭാരോദ്വഹനം ഉള്‍പ്പടെയുള്ള വ്യായാമങ്ങള്‍ നടത്തേണ്ടതുണ്ട്. വ്യായാമത്തിന് ശേഷം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ പ്രോട്ടീന്‍ സിന്തസിസ് (പ്രോട്ടീന്‍ സങ്കലനം) വര്‍ധിപ്പിക്കാന്‍ കാരണമാവും. പ്രോട്ടീനുകൾ നമ്മുടെ മസില്‍ വര്‍ധിപ്പിക്കുന്ന ഘടകമായതിനാൽ, ഈ സമന്വയം ശരീര സൗന്ദര്യം കൂട്ടും.
വ്യായാമത്തിനൊപ്പം കുറഞ്ഞത് 20 ഗ്രാം പ്രോട്ടീൻ കഴിക്കുകയും ചെയ്യുകയാണെങ്കില്‍, ഇത് കാലക്രമേണ, മസിലുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങൾക്ക് ശരീരത്തില്‍ ആവശ്യംവേണ്ടുന്ന അളവില്‍ മസില്‍ വേണമെങ്കില്‍ എല്ലാ പ്രധാന പേശികളെയും ലക്ഷ്യംവച്ചുള്ള വ്യത്യസ്‌ത വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്. വയറില്‍ സിക്‌സ് പാക്ക് വേണമെങ്കില്‍ പതിവായി ഇതിനുള്ള വ്യായാമങ്ങൾ ചെയ്യേണ്ടതുണ്ട്.
സിക്‌സ് പാക്കിന് ഇതും വേണം :മസിലില്‍ പ്രോട്ടീൻ വന്നുകൂടുന്ന, പ്രോട്ടീന്‍ സിന്തസിസിന്‍റെ ഫലം ഏകദേശം 24 - 48 മണിക്കൂറിന് ശേഷം ഇല്ലാതാകുന്നു എന്നത് വസ്‌തുതയാണ്. ഇക്കാരണം കൊണ്ടുതന്നെ നിങ്ങൾ ലക്ഷ്യമിടുന്ന ഭാഗത്തെ മസിലില്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. ശേഷം മറ്റൊന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. തുടര്‍ന്ന് വീണ്ടും ഈ ഭാഗത്തെ മസിലില്‍ ശ്രദ്ധിക്കാം. ഈ രൂപത്തില്‍ തുടര്‍ച്ചയായി നിങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുമെങ്കിൽ പേശികളുടെ വലുപ്പത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാന്‍ കഴിയും.
സിക്‌സ് പാക്കാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് താരതമ്യേന കുറഞ്ഞ അളവിലേക്ക് കുറയ്‌ക്കേണ്ടതുണ്ട്. ഇതുവഴി വയറിലെ കൊഴുപ്പ് അടക്കം കുറയ്‌ക്കുന്നതിലേക്ക് ഇത് നയിക്കും. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് ഒഴിവാക്കാന്‍ നിരവധി ആഴ്‌ചകളോ മാസങ്ങളോ ആവശ്യമായി വരും. വയറിലെ മസില്‍ അഴക് കൂട്ടാന്‍ സാധാരണയായി, ശരീരത്തിലെ കൊഴുപ്പിന്‍റെ ശരാശരിയേക്കാൾ പുരുഷന്മാർക്ക് അഞ്ച് - 10 ശതമാനം വരെയുള്ള കൊഴുപ്പും സ്‌ത്രീകൾക്ക് എട്ട് - 15 വരെ ശതമാനം വരെ കൊഴുപ്പും ആവശ്യമാണ്.
സാധാരണ ആരോഗ്യമുള്ള പുരുഷന്മാരിൽ ശരീരത്തിലെ കൊഴുപ്പ് 11 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ്. സ്‌ത്രീകളിൽ ഇത് 16 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലാണ്. പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊര്‍ജം. കലോറി എന്നാല്‍ ഈ ഊര്‍ജത്തിന്‍റെ അളവാണ്. ഊര്‍ജക്കമ്മി (Energy Deficiency) ആയിരിക്കുമ്പോൾ മസിലിന്‍റെ വലിപ്പം വർധിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണം ചൂണ്ടിക്കാട്ടുന്നുണ്ട്. ആഴ്‌ചയിൽ ആറ് ദിവസം ഉയർന്ന അളവിലുള്ള വ്യായാമം ആവശ്യമാണ്. കലോറി കുറവുള്ളപ്പോൾ ദിവസേനയുള്ള പ്രോട്ടീനിന്‍റെ മൂന്നിരട്ടി കഴിക്കേണ്ടതുണ്ട്.
മനഃശാസ്‌ത്രപരമായി ആളുകള്‍ക്ക് വ്യായാമ ശീലങ്ങൾ നിലനിർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷ്യം നേടാന്‍ സുഹൃത്തുക്കളുമായോ അല്ലെങ്കില്‍ വ്യക്തിപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യുകയോ മറ്റ് ഹോബികൾ ഒഴിവാക്കുകയോ ചെയ്യേണ്ടതുണ്ട്. സിക്‌സ് പാക്ക് മെച്ചപ്പെടുത്താന്‍ തുടർച്ചയായി കഠിനാധ്വാനം ചെയ്യേണ്ടതും അർപ്പണബോധം കൈവിടാതെ അത് നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്.
സിക്‌സ് പാക്കും 'പുലിവാലുകളും' ?:സിക്‌സ് പാക്കുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് ചില ദോഷവശങ്ങളും ഉണ്ടെന്നത് ഓര്‍മയില്‍ വേണം. 'മസില്‍ പവര്‍' വേഗത്തിൽ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെങ്കിൽ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കുന്നതിനായി കൂടുതല്‍ വ്യായാമം ചെയ്യുന്നത് ഊർജം ഒട്ടും ഇല്ലാത്ത അവസ്ഥയിലേക്ക് നയിച്ചേക്കാം. ഊര്‍ജത്തിന്‍റെ കുറഞ്ഞ ലഭ്യത മാനസിക പ്രത്യാഘാതങ്ങളിലേക്ക് വഴിവച്ചേക്കും. പെട്ടെന്നുള്ള ദേഷ്യം, ഏകാഗ്രത കുറവ്, മാനസികാവസ്ഥയിലെ പ്രശ്‌നം തുടങ്ങിയവയാണ് ഇത്. കൂടാതെ ജലദോഷം അല്ലെങ്കിൽ പനി, അസ്ഥികളിലെ ആരോഗ്യക്കുറവ് ഉൾപ്പടെയുള്ള അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. സ്‌ത്രീകളിൽ ക്രമരഹിതമായ ആർത്തവം, കുറഞ്ഞ ഊർജ ലഭ്യത, കാര്യക്ഷമത ഇല്ലാത്ത അവസ്ഥ എന്നിവയിലേക്കും എത്തിപ്പെട്ടേക്കും.