ഹൈദരാബാദ്: കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പുകള്‍ക്കൊപ്പം മൂക്കിലൂടെ മരുന്നെത്തിക്കുന്ന തങ്ങളുടെ ഇൻട്രാനാസൽ കൊവിഡ് വാക്‌സിനായ ഇന്‍കോവാകും (iNCOVACC) കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിന്‍ പോര്‍ട്ടലില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. കുത്തിവയ്‌പ്പിന് സമാനമായ മാര്‍ഗമെന്ന തരത്തിലും കൊവിഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന തരത്തിലും ഇന്‍കോവാകിനെ പരിഗണിക്കണമെന്നാണ് ഭാരത് ബയോടെകിന്‍റെ ആവശ്യം. മാത്രമല്ല ഇന്‍കോവാക് എന്ന ഇൻട്രാനാസൽ കൊവിഡ് വാക്‌സിന്‍റെ ആഗോളതലത്തിലുള്ള നിര്‍മാണത്തിനും വിതരണത്തിനുമായി കമ്പനിയെ സമീപിച്ചിട്ടുള്ള അന്താരാഷ്‌ട്ര സാധ്യതകളെക്കുറിച്ച് ഭാരത് ബയോടെക് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കമ്പനി വ്യക്തമാക്കി.
പോര്‍ട്ടലില്‍ വന്നാല്‍ മതിയോ?: അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി ഇന്‍കോവാക് അംഗീകരിച്ചിരിക്കുന്നതോടെ വാക്‌സിൻ സ്വീകരിക്കുന്നവര്‍ക്ക് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ആവശ്യമായി വരും. അതിനാലാണ് ഇന്‍കോവാകിനെ കൊവിന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഇതു സാധ്യമായാല്‍ കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്‌പ്പ് മാര്‍ഗങ്ങളില്‍ മൂക്കിലൂടെ മരുന്നെത്തിക്കുന്ന ഇൻട്രാനാസൽ വാക്‌സിൻ അവതരിപ്പിച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
അനുമതിയുണ്ട്, പക്ഷെ: നിലവില്‍ ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന്‍, സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്‍റെ കൊവീഷീല്‍ഡ്, കൊവോവാക്‌സ്, റഷ്യന്‍ സ്‌പുട്‌നിക് വി, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്‍റെ കോര്‍ബിവാക്‌സ് എന്നിവയാണ് സര്‍ക്കാറിന്‍റെ കൊവിന്‍ പോര്‍ട്ടലില്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ലോകത്തിലെ ആദ്യ ഇന്‍ട്രാനാസല്‍ കൊവിഡ് വാക്‌സിനായ ഇന്‍കോവാക് (ബിബിവി154) ന് 18 വയസും അതിന് മുകളിലുമുള്ള പ്രായക്കാരില്‍ അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതായി ഭാരത് ബയേടെക് സെപ്റ്റംബർ ആറിന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഹെറ്ററോളജിക്കൽ ബൂസ്‌റ്റർ ഡോസുകൾക്കായി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനും ഇന്‍കോവാകിന് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്‌സിഒ) അംഗീകാരവും ലഭിച്ചിരുന്നു.
ചില്ലറക്കാരനല്ല 'ഇന്‍കോവാക്': വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി, സെന്‍റ് ലൂയിസ് യൂണിവേഴ്‌സിറ്റി എന്നിവയുടെ പങ്കാളിത്തതോടെയാണ് കമ്പനി ഇന്‍കോവാക് വികസിപ്പിച്ചത്. തുടര്‍ന്ന് ഇത് റീകോമ്പിനന്‍റ് അഡെനോവൈറൽ വെക്‌റ്റേർഡായി രൂപകൽപന ചെയ്യുകയും പ്രീ-ക്ലിനിക്കൽ പഠനങ്ങള്‍ കൊണ്ട് വിലയിരുത്തുകയും ചെയ്‌തു. പ്രീ-ക്ലിനിക്കൽ പഠനങ്ങളില്‍ തന്നെ ഒന്ന്, രണ്ട്,മൂന്ന് ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായ ഇവ മൂക്കിലുറ്റിക്കുന്ന തുള്ളികളിലൂടെ ഇൻട്രാനാസൽ ഡെലിവറി അനുവദിക്കുന്നതിലും വിജയിച്ചു. മാത്രമല്ല ഇന്ത്യയിലുടനീളം 14 ട്രയല്‍ സൈറ്റുകളിലായി ഏതാണ്ട് 3,100 വിഷയങ്ങളില്‍ സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവയ്ക്കായി മൂന്നാം ഘട്ട പരീക്ഷണത്തിനും ഇവ വിധേയമായിരുന്നു.