പാരമ്പര്യ അന്ധത ബാധിച്ച മുതിര്‍ന്നവർക്ക് ഭാഗികമായി കാഴ്‌ചശക്തി വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പഠനം. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ഇർവിനിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കൽ സയൻസസ് ആന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘം സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പാരമ്പര്യമായി ചെറുപ്രായത്തില്‍ തന്നെ കാഴ്‌ചശ്ക്തി നഷ്‌ടപ്പെടുന്ന രോഗാവസ്ഥയായ ലെബർ കൺജെനിറ്റൽ അമ്യൂറോസിസുമായി (എൽസിഎ) ബന്ധപ്പെട്ട ചികിത്സയാണ് ഗവേഷണ സംഘം പഠനത്തിന്‍റെ ഭാഗമായി പരിശോധിച്ചത്.
സിന്തറ്റിക് റെറ്റിനോയിഡുകൾ എന്ന് വിളിക്കപ്പെടുന്ന രാസസംയുക്തങ്ങള്‍ റെറ്റിനയിലേക്ക് നേരിട്ട് നല്‍കിയാല്‍ എൽസിഎ ബാധിതരായ കുട്ടികളില്‍ ഭാഗികമായി കാഴ്‌ചശക്തി പുനഃസ്ഥാപിക്കാന്‍ സാധിക്കും. ഇതേ രോഗാവസ്ഥയുള്ള മുതിര്‍ന്നവരിലും ഈ ചികിത്സ സമാന ഫലമുണ്ടാക്കുമോയെന്ന് കണ്ടെത്തലായിരുന്നു ഗവേഷക സംഘത്തിന്‍റെ ലക്ഷ്യം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് വെറ്ററൻസ് അഫയേഴ്‌സ്, റിസർച്ച് ടു പ്രിവന്‍റ് ബ്ലൈൻഡ്‌നെസ് ഫൗണ്ടേഷൻ എന്നിവ ചേര്‍ന്നാണ് ഗവേഷണത്തിന് ധനസഹായം നൽകിയത്.
തലച്ചോറിന് മുന്നറിയിപ്പ് നല്‍കുന്ന സര്‍ക്യൂട്ട്:പ്രസ്‌തുതചികിത്സകാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക സര്‍ക്യൂട്ടുകളെ മികച്ച രീതിയിലാണ് സ്വാധീനിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ന്യൂറോബയോളജി ആൻഡ് ബിഹേവിയർ ഡിപ്പാര്‍ട്ട്മെന്‍റിലെ പ്രൊഫസറുമായ സുനിൽ ഗാന്ധി അഭിപ്രായപ്പെട്ടു. കാഴ്‌ചശക്തിയുടെ കാര്യത്തില്‍ റെറ്റിനയേക്കാള്‍ നിര്‍ണായകം മസ്‌തിഷ്‌ക സര്‍ക്യൂട്ടുകളാണ്.