വയനാട്: മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെപേരും. മിണ്ടാപ്രാണികളും മനുഷ്യരും തമ്മിലുള്ള വ്യത്യസ്ത സുഹൃദബന്ധങ്ങളുടെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാല്‍ വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ സുരേഷ് ഗോപി എന്ന യുവാവ് സൗഹൃദം സ്ഥാപിച്ചത് കാട്ടുമൈനകളുമായാണ്. രണ്ട് മാസം മുൻപ് വിറക് ശേഖരിക്കുന്നതിനിടയിലാണ് തലപ്പുഴ കോളനി നിവാസി സുരേഷ് ഗോപിക്ക് രണ്ട് കാട്ടുമൈനകളെ കിട്ടിയത്. അവശനിലയില്‍ കണ്ടെത്തിയ മൈനകളെ വീട്ടിലെത്തിച്ച് ഭക്ഷണവും വെള്ളവും നല്‍കി പരിചരിച്ചു. കൂട്ടില്‍ അടച്ചിട്ടല്ല സുരേഷ് മൈനകളെ വളർത്തുന്നത്.
കാട്ടില്‍ നിന്നൊരു സൗഹൃദം; സുരേഷിന്‍റെ ഉറ്റ സുഹൃത്തുക്കളായി മിന്നുവും ചിന്നുവും - wayanad southern hill myna friendship news
രണ്ട് മാസം മുൻപ് വിറക് ശേഖരിക്കുന്നതിനിടയിലാണ് തലപ്പുഴ കോളനി നിവാസി സുരേഷ് ഗോപിക്ക് രണ്ട് കാട്ടുമൈനകളെ കിട്ടിയത്. അവശനിലയില്‍ കണ്ടെത്തിയ മൈനകളെ വീട്ടിലെത്തിച്ച് ഭക്ഷണവും വെള്ളവും നല്‍കി പരിചരിച്ചു.
ചിന്നുവും മിന്നുവും എന്ന് പേരിട്ട കാട്ടുമൈനകൾ ഇപ്പോൾ സുരേഷിന്‍റെ ഉറ്റ കൂട്ടുകാരാണ്. സുരേഷ് വിളിച്ചാല്‍ ഇരുവരും പറന്നെത്തും. വീട്ടിലും കൃഷിയിടത്തിലും പശുവിനെ മേയ്ക്കാൻ പോകുമ്പോൾ എല്ലാം സുരേഷ് ഗോപിയുടെ ഒപ്പം ഇരുവരും ഉണ്ടാകും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഉപ്പ് ചേർക്കാതെ പ്രത്യേകം തയ്യാറാക്കിയാണ് മൈനകൾക്ക് നല്‍കുന്നത്. ഒഴിവ് സമയത്ത് സുരേഷ് ഗോപി വയലിൽ കൊണ്ടു പോയി മൈനകൾക്ക് പുൽച്ചാടികളെയും പിടിച്ച് കൊടുക്കും. ഈ 22കാരന്‍റെ വീട്ടിലുള്ളവരുമായും മൈനകൾ ചങ്ങാത്തത്തിലാണ്. ഹിറ്റാച്ചി ഓപ്പേറ്ററാണ് സുരേഷ് ഗോപി.