വയനാട്: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തലചായ്ക്കാൻ ഇടം നൽകിയവര്‍ക്ക് പ്രത്യുപകാരം ചെയ്യുകയാണ് മാനന്തവാടി യുപി സ്കൂളിൽ നഗരസഭ പുനരധിവസിപ്പിച്ചവർ. വിദ്യാലയ വളപ്പിൽ പച്ചക്കറി തോട്ടവും പൂന്തോട്ടവുമെല്ലാമൊരുക്കിയാണ് ഇവർ അധികൃതരോടുള്ള നന്ദി പറയാതെ പറയുന്നത്. മാനന്തവാടിയിൽ തെരുവിലായിരുന്നു ഇവർ അന്തിയുറങ്ങിയിരുന്നത്.
നന്ദി വാക്കുകളിലൂടെയല്ല പ്രവൃത്തിയിലൂടെ...; ഒരു വയനാടന്‍ മാതൃക - കേരളം കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും എത്തിയ 25 പേരെയാണ് നഗരസഭ മാനന്തവാടി യുപി സ്കൂളിൽ പുനരധിവസിപ്പിച്ചിരിക്കുന്നത്
ആക്രി സാധനങ്ങൾ ശേഖരിച്ച് വില്‍പ്പന നടത്തിയും ലോട്ടറി വിറ്റുമാണ് എല്ലാവരും ദിവസവരുമാനം കണ്ടെത്തിയത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള 25 പേരെ നഗരസഭ മാനന്തവാടി യുപി സ്കൂളിൽ പുനരധിവസിപ്പിക്കുകയായിരുന്നു. ഇതിൽ കേരളത്തിനകത്തും പുറത്തും നിന്നുമുള്ളവരുണ്ട്.
സ്കൂൾ വളപ്പിൽ ചീരയുടെയും വെണ്ടയുടെയും എല്ലാം വിത്ത് ഇവർ പാകി കഴിഞ്ഞു. സ്കൂൾ അടച്ചതോടെ നശിച്ച് തുടങ്ങിയ പൂന്തോട്ടം ഇവർ വൃത്തിയാക്കി കൂടുതല്‍ ചെടികൾ നട്ടു. പരിപാലിക്കുന്നതും ഇവർ തന്നെയാണ്. നഗരസഭയുടെ സമൂഹ അടുക്കളയിൽ നിന്നാണ് ഇവർക്ക് ഭക്ഷണം നൽകുന്നത്. സ്കൂൾ തുറന്ന് കുട്ടികൾ എത്തുമ്പോൾ അവരെ വരവേൽക്കാൻ ഇവർ ഒരുക്കിയ സ്നേഹ പൂന്തോട്ടമുണ്ടാകും ഇവിടെ.