കേരളം

kerala

ETV Bharat / state

'ഫൈനിട്ടാല്‍ ഫ്യൂസ് ഊരും', മോട്ടോർ വാഹന വകുപ്പിന് ചെക്ക് വെച്ച് കെഎസ്ഇബി (ഒരു വയനാടൻ കഥ) - മോട്ടോർ വാഹന വകുപ്പ്

വാഹനത്തില്‍ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്‌ഇബിയുടെ കരാർ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 20500 രൂപ പിഴയിട്ടതിന് പിന്നാലെയാണ് എംവിഡി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസ് കെട്ടിടത്തിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത്.

Wayanad KSEB MVD issue  KSEB  MVD  AI Camera  എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്‌ഇബി  കെഎസ്‌ഇബി  മോട്ടോർ വാഹന വകുപ്പ്  എഐ കാമറ
എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്‌ഇബി

By

Published : Jun 28, 2023, 2:21 PM IST

വയനാട്ടിലെ 'അപൂര്‍വ പോര്'

വയനാട്: പക അത് വീട്ടാനുള്ളതാണ്...പഴയൊരു സിനിമ ഡയലോഗ് പോലെയായി, വയനാട്ടില്‍ രണ്ട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഫൈൻ അടപ്പിക്കലും ഫ്യൂസ് ഊരലും...കഥ ഇങ്ങനെയാണ്...

വാഹനത്തില്‍ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്‌ഇബിയുടെ കരാർ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 20500 രൂപ പിഴയിട്ടത് ഒരാഴ്‌ച മുൻപാണ്. അത് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ ചർച്ചയാകുകയും ചെയ്‌തിരുന്നു. വയനാട് അമ്പലവയല്‍ ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസ് ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതമാണ് നോട്ടീസ് വന്നത്.

പടം പിടിച്ചത് എഐ കാമറയാണെങ്കിലും പണി കൊടുത്തത് മോട്ടോർ വാഹന വകുപ്പാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുകയും ചെയ്‌തു. കെഎസ്‌ഇബിയുടെ കരാർ ജീപ്പിന് ഫൈൻ കിട്ടിയതിന്‍റെ ചൂടാറും മുൻപ് അടുത്ത വാർത്ത വന്നു. വാർത്ത വയനാട്ടിലെ കല്‍പറ്റയില്‍ നിന്നാണ്. കല്‍പറ്റ മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്രേ...

ജില്ലയിലെ മുഴുവൻ എഐ കാമറകളുടേയും പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസ് ഊരിയാണ് കെഎസ്‌ഇബി പക വീട്ടിയത്...ഫ്യൂസ് ഊരിയെങ്കിലും കാശുള്ള വകുപ്പായതിനാല്‍ അടിയന്തര ഫണ്ടില്‍ നിന്ന് പണമെടുത്ത് മോട്ടോർ വാഹനവകുപ്പ് ബില്ലടച്ചു. അതോടെ കെട്ടിടത്തില്‍ വെളിച്ചം തിരിച്ചെത്തി...ആര് ഫൈൻ അടച്ചാലും ആര് ഫ്യൂസ് ഊരിയാലും കാശ് പോകുന്നതും വരുന്നതും സർക്കാരിന് തന്നെയെന്നതാണ് ഇക്കഥയുടെ സാരാംശം...

സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി: അതേസമയം, അഴിമതി ആരോപണളുടെ പേരിൽ റോഡ് ലംഘനങ്ങൾ കണ്ടെത്തുന്നതിന് എഐ കാമറകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. എറണാകുളം സ്വദേശിയായ മോഹനൻ നൽകിയ സ്വകാര്യ ഹർജിയിന്മേലാണ് സിംഗിൾ ബെഞ്ചിന്‍റെ പരാമർശം.

ചികിത്സ കാരണങ്ങളാൽ ഹെൽമറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും എഐ കാമറ പിഴയിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എഐ കാമറ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ സർക്കാരിനെയും മോട്ടോർ വാഹന വകുപ്പിനെയും കോടതി അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇത്തരം സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിൽ പാകപ്പിഴകളുണ്ടാകാം, അത് വഴിയെ തിരുത്തപ്പെടേണ്ടതാണ്. എഐ കാമറ സാങ്കേതിക വിദ്യ കൊണ്ടുവന്നതിൽ പ്രതിപക്ഷത്തിന് പോലും എതിർപ്പില്ലെന്നും ക്യാമറ വാങ്ങിയതിലെ സുതാര്യതയെയാണ് ചോദ്യം ചെയ്‌തതെന്നും കോടതി വ്യക്തമാക്കി. പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ നിരീക്ഷിച്ചു.

ചികിത്സ കാരണങ്ങളുടെ പേരിൽ ഇത്തരമൊരു ഇളവ് അനുവദിക്കാനാകില്ല എന്നും ഇരുചക്ര വാഹന യാത്രികന്‍റെ സുരക്ഷയ്ക്കായാണ് ഹെൽമറ്റ് ഉപയോഗിക്കണമെന്ന ചട്ടമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. അസുഖം സംബന്ധിച്ച പ്രശ്‌നങ്ങളുണ്ടെങ്കിൽ പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെ ഹർജിക്കാരന് പ്രയോജനപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി. ഡിജിപിയോടടക്കം ഇളവ് അനുവദിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ABOUT THE AUTHOR

...view details