മണ്ണിൽ പണിഞ്ഞ പ്രകൃതി വീട്
300 കൊല്ലം പഴക്കമുള്ള വൈക്കോൽ കൊണ്ട് മേഞ്ഞ വീട്ട് മണ്ണ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
വയനാട്: കാലം മാറിയിട്ടും ജീവിത സൗകര്യങ്ങളിൽ വ്യത്യാസം വന്നിട്ടും പഴമയുടെ തനിമ നിലനിർത്തുന്ന ഒരു വീടുണ്ട് വയനാട്ടിലെ ചേകാടിയിൽ. വൈക്കോൽ കൊണ്ട് മേഞ്ഞ ഈ വീടിന് 300 വർഷത്തിലേറെ പഴക്കമുണ്ട്. ചേകാടി കവിക്കൽ രാജഗോപാലിന്‍റേയും പ്രേമവല്ലിയുടെയും വീടാണിത്. കർണാടകത്തിൽനിന്ന് വയനാട്ടിലേക്ക് കുടിയേറിയ ചെട്ടി വിഭാഗത്തിൽപെട്ടവരാണിവർ. കൃഷി ആണ് പരമ്പരാഗത തൊഴിൽ. മണ്ണ് കൊണ്ടാണ് ഈ വീടിന്‍റെ ചുമരുകൾ പണിതിട്ടുള്ളത്. മുള കൊണ്ടും മരം കൊണ്ടും ഉണ്ടാക്കിയ മച്ചും വീടിനുണ്ട്. അതുകൊണ്ട് തന്നെ ചൂടും തണുപ്പും പ്രതിരോധിക്കാൻ ശേഷിയുണ്ട് ഈ വീടിന്. പ്രകൃതിയോടിണങ്ങി നിർമിച്ച ആഢംബരം ഒഴിവാക്കിയ ഇവിടെ കുളിർമയും പ്രകൃതിയുടെ ചാരുതയും കാണാം. പറ്റുന്നിടത്തോളം കാലം ഈ വീടിനെ ഇതുപോലെതന്നെ സംരക്ഷിക്കാനാണ് ഇവരുടെ തീരുമാനം.