വയനാട്: ചികിത്സാരംഗത്ത് പരിമിതികൾ ഏറെയുണ്ടെങ്കിലും ഒരു മാസത്തിലേറെയായി കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതെ രോഗവ്യാപനത്തെ പ്രതിരോധിക്കാൻ സാധിച്ച ജില്ലയായിരുന്നു വയനാട്. എന്നാൽ ഈ മാസം രണ്ടിന് മാനന്തവാടിയിലെ ട്രക്ക് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി തകിടം മറിഞ്ഞു. രോഗം സ്ഥിരീകരിച്ച ഉടനെ തന്നെ മാനന്തവാടി നഗരസഭയും ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കൂടുതലുള്ള തിരുനെല്ലി പഞ്ചായത്തും പൂർണമായും മീനങ്ങാടി, എടവക പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കുകയും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്‌തിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ച ഡ്രൈവറിൽ നിന്ന് 11 പേർക്കാണ് രോഗം പടർന്നത്. ഇത് തടയാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്തെത്തി.
വയനാട്ടിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച സംഭവിച്ചതായി ആരോപണം - കോയമ്പേട് മാർക്കറ്റ്
നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത് 14 പേര്‍
രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ ലോറിയിലെ ക്ലീനറുടെ മകനും എടവക പഞ്ചായത്തിലെ കമ്മന സ്വദേശിയായ മകന്‍റെ കൂട്ടുകാരനും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. കമ്മന സ്വദേശിക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നും ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യേണ്ടി വന്നതിലൂടെയാണ് പൊലീസുകാർക്ക് രോഗം പിടിപ്പെട്ടതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ജില്ലയിൽ രോഗവ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായി സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്‌ണൻ പറഞ്ഞു. രോഗവ്യാപനകേന്ദ്രമായ ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ പോയ ആറ് പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ ഇനിയും രോഗികളുടെ എണ്ണം കൂടുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.