വയനാട് : സുല്‍ത്താന്‍ ബത്തേരി ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതി പടര്‍ത്തിയ കടുവ പിടിയില്‍. തോട്ടാമൂല ഫോറസ്റ്റ് ഓഫിസിന് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ കടുവ കുടുങ്ങിയത്. വൈൽഡ് ലൈഫ് വാർഡൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വന്യമൃഗത്തെ പിടികൂടിയത്.
ചീരാലില്‍ ഒരുമാസം ഭീതിവിതച്ച കടുവ വനം വകുപ്പിന്‍റെ പിടിയില്‍ ഉൾവനത്തിലടക്കം വനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും അന്ന് ഫലം ഉണ്ടായിരുന്നില്ല. കടുവയെ കണ്ടെത്താൻ 18 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും മൂന്ന് കൂടുകൾ ഒരുക്കുകയും ചെയ്‌തിരുന്നു. ചീഫ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ മൂന്നംഗസംഘവും ആർആർടി ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്‌തിരുന്നു.
വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ തന്നെ മയക്കുവെടിവച്ച് കടുവയെ പിടിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൂടാതെ പത്ത് സംഘങ്ങളായി തെരച്ചില്‍ നടത്തുകയും ചെയ്‌തിരുന്നു. വന്യമൃഗത്തിന്‍റെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാഞ്ഞതാണ് വനംവകുപ്പിന് ആദ്യഘട്ടത്തിൽ വെല്ലുവിളി ഉയര്‍ത്തിയത്.
ALSO READ|ചീരാലിലെ കടുവ ആക്രമണം : ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും
കടുവയെ തുരത്താന്‍ വനംവകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ ഹർത്താൽ ഉൾപ്പടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ കണ്ട് നേരിട്ട് പരാതി ബോധിപ്പിക്കുകയും ചെയ്‌തു. കൂട്ടിലായ കടുവയെ ബത്തേരി കടുവ പരിപാലന കേന്ദ്രത്തിലെത്തിക്കും.