ഓണക്കാലത്ത് പൊള്ളുന്ന പച്ചക്കറി വില - wayanad
ഒരു മാസത്തിനിടെ പച്ചക്കറിക്ക് രണ്ടിരട്ടി വില വര്‍ധിച്ചു. മഴയെ തുടര്‍ന്ന് പലയിടത്തും കൃഷി നശിച്ചതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍.
വയനാട്: ഓണം അടുത്തതോടെ വയനാട്ടിൽ പച്ചക്കറി വില കുതിക്കുന്നു. ഒരു മാസത്തിനിടെ രണ്ടിരട്ടി വിലയാണ് പച്ചക്കറിക്ക് കൂടിയത്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളും കച്ചവടക്കാരും ഒരുപോലെ പ്രതിസന്ധിയിലാണ്. തക്കാളി, പച്ചമുളക്, ക്യാരറ്റ്, ബീൻസ് എന്നിവയ്ക്കാണ് വില കുതിച്ചുയർന്നത്. ഒരു മാസം മുമ്പ് 16 രൂപ ഉണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോൾ 40 രൂപയാണ് വില. ക്യാരറ്റിന്‍റെ വില മുപ്പതിൽ നിന്ന് തൊണ്ണൂറിൽ എത്തി. 20 രൂപയുണ്ടായിരുന്ന ബീൻസിൻ്റെ വില 60 രൂപ ആയി. രണ്ടാഴ്ച മുമ്പ് വരെ 25 രൂപ വിലയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന് ഇപ്പോൾ 50 രൂപയാണ്. വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾക്കൊപ്പം ചില്ലറ-മൊത്തവ്യാപാര പച്ചക്കറി കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണ ഓണം സീസണിൽ വിറ്റിരുന്നതിന്‍റെ പകുതിപോലും കച്ചവടം ഇത്തവണ നടന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.