വയനാട്:വയനാട്ടിലെ പുത്തുമല ദുരന്തത്തിന് ഇന്ന് ഒരു വയസ്സ് . കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് ഉണ്ടായ ഉരുൾപൊട്ടലിൽ 17 ജീവനുകളാണ് ഇവിടെ മണ്ണിനടിയിൽ ആയത്. പുത്തുമല വാർഡംഗത്തിൻ്റെ അവസരോചിത ഇടപെടൽ ഉണ്ടായില്ലെങ്കിൽ മരണസംഖ്യ 300 കടക്കുമായിരുന്നു. ഇക്കൊല്ലത്തെ പോലെ തന്നെയായിരുന്നു പുത്തുമലയിൽ കാലവർഷം കഴിഞ്ഞ തവണയും. ഓഗസ്റ്റ് നാലിന് തുടങ്ങിയ മഴ ഏഴിന് അതിശക്തമായി. എട്ടിന് പുലർച്ചെ രണ്ടുമണിയോടെ പച്ചക്കാട് രണ്ട് വീടുകൾ മലവെള്ളപ്പാച്ചിലിൽ തകർന്നു.
പുത്തുമല ദുരന്തത്തിന് ഇന്ന് ഒരുവര്‍ഷം - ഇന്ന് ഒരു വയസ്
കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ 17 ജീവനുകളാണിവിടെ മണ്ണിനടിയിലായത്
വിവരമറിഞ്ഞെത്തിയ വാർഡംഗം കെ ചന്ദ്രൻ എട്ടാം തിയതി രാവിലെ ആറുമണിയോടെ തന്നെ ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. നാട്ടുകാരായ ചെറുപ്പക്കാരുടെയും മറ്റു പഞ്ചായത്തംഗങ്ങളുടെയും സഹായത്തോടെ ഉച്ചയ്ക്ക് മുൻപ് തന്നെ എല്ലാവരെയും മാറ്റി. നാല് മണിയോടെയാണ് ഒരു നാടിനെ മുഴുവൻ ഇല്ലാതാക്കിയ ദുരന്തം നടന്നത്. മാറ്റിപാർപ്പിച്ച സ്കൂളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് വീട്ടിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇക്കൊല്ലവും ചന്ദ്രനെ പോലുള്ളവർ വിശ്രമമില്ലാതെ പാച്ചിലിലാണ്. പെരുമഴയത്ത് ഒരാളുടെ പോലും ജീവൻ നഷ്ടമാകാതിരിക്കാൻ.