വയനാട്: വിവാദങ്ങൾക്കിടെ പുത്തുമല പുനരധിവാസ പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്തത്. പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ മേപ്പാടിക്കടുത്ത് പൂത്തകൊല്ലി എസ്റ്റേറ്റിലാണ് ഏഴ് ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയത്. തുടർന്നുള്ള നിർമാണപ്രവർത്തനങ്ങളും സ്വകാര്യ പങ്കാളിത്തത്തോടെ തന്നെയായിരിക്കും നടത്തുന്നത്.
പുത്തുമല പുനരധിവാസ പദ്ധതിക്ക് തുടക്കം
പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കാൻ മേപ്പാടിക്കടുത്ത് പൂത്തകൊല്ലി എസ്റ്റേറ്റിലാണ് ഏഴ് ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയത്.
58 വീടുകൾ ആദ്യഘട്ടത്തിൽ ഇവിടെ ഉയരും. ഇതിൽ 52 പ്ലോട്ടുകൾക്ക് നറുക്കെടുപ്പിലൂടെ അവകാശങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് സെന്‍റർ, കമ്മ്യൂണിറ്റി സെന്‍റർ, അങ്കണവാടി തുടങ്ങിയ പൊതു സൗകര്യങ്ങളും ഇവിടെ ഉണ്ടാകും. വീടുകളുടെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓൺലൈൻ വഴിയായി തന്നെ മന്ത്രി ഇ ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷനായി.
സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. പുത്തുമല ദുരന്ത ഭൂമിയിൽനിന്ന് അടിഞ്ഞുകൂടിയ മരങ്ങളും തടികളും മാറ്റുന്നതിനും, പൂത്തകൊല്ലിയിലെ തേയിലച്ചെടികൾ പിഴുതു മാറ്റുന്നതിനും കരാർ നൽകിയതിൽ അഴിമതി ഉണ്ട് എന്നാണ് യു.ഡി.എഫിന്‍റെ ആരോപണം. പുത്തുമലയിൽ ഒഴുകി വന്ന തടിക്ക് കുറഞ്ഞ വിലയാണ് കണക്കാക്കിയതെന്ന് സി.പി.ഐയും നേരത്തെ ആരോപിച്ചിരുന്നു.