വയനാട്: ബിജെപിക്കൊപ്പം വർഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മുസ്ലീം ലീഗിനെ കരുവാക്കി കേരളത്തിൽ വർഗീയ കാർഡ് ഇറക്കാനാണ് സിപിഎം ശ്രമമെന്നും രമേശ് ചെന്നിത്തല മാനന്തവാടിയിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിക്കും മിണ്ടാൻ പേടിക്കുകയാണെന്നും അവരുടെ കൂട്ടുകെട്ടിന് ദോഷം ചെയ്യുമെന്ന് ഭയന്നാണ് മൗനം പാലിക്കുന്നെതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ശബരിമല നിലപാട് തെറ്റിപ്പോയെന്ന സിപിഎം നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ സത്യവാങ്ങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകാത്തതെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ വിശ്വാസ സംരക്ഷണത്തിന് നിയമം നിർമ്മിക്കുമെന്ന് രമേശ് ചെന്നിത്തല ആവർത്തിച്ചു വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ നാല് വോട്ട് കിട്ടാൻ വിവിധ മതവിശ്വാസികളെ പരസ്‌പരം തെറ്റിക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാറും, സിപിഎമ്മും മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുണ്ടാക്കിയ പുതിയ ധാരണയാണ് സിപിഎമ്മിനെ ഇതു പറയാൻ പ്രേരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. തില്ലങ്കേരി മോഡൽ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് സിപിഎം ശ്രമമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.