വയനാട്: ബാണാസുരമലയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടർന്ന് പൊലീസ് തെരച്ചിലും പരിശോധനയും തുടരുന്നു. രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ജില്ലയിലെ വനമേഖലയിൽ തന്നെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. കടുത്ത നിയന്ത്രണങ്ങളാണ് ഏറ്റുമുട്ടലുണ്ടായ മേഖലയിൽ ഇപ്പോഴുമുള്ളത്.
വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തം പടിഞ്ഞാറത്തറ പഞ്ചായത്തിലെ കാപ്പിക്കളം, പന്തിപ്പൊയിൽ എന്നീ സ്ഥലങ്ങൾ നേരത്തേ തന്നെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളാണ്. മാവോയിസ്റ്റുകൾ പുതുതായി രൂപീകരിച്ച ബാണാസുര ദളത്തിലുൾപ്പെട്ട പ്രദേശങ്ങളാണിത്. നാട്ടുകാരെ പോലും പരിശോധനക്ക് ശേഷമാണ് പൊലീസ് ഇപ്പോൾ ഇവിടേക്ക് കടത്തിവിടുന്നത്.
ആറു മാസം മുൻപ് പന്തിപ്പൊയിൽ അംബേദ്കർ ആദിവാസി കോളനിയിലെ ഒരു വീട്ടിൽ നിന്ന് മാവോയിസ്റ്റുകൾ അരിയും, ഭക്ഷണ സാധനങ്ങളും വാങ്ങിയിരുന്നു. ഇതിനു ശേഷം ഈ മേഖലയിലെ കാടുകളിൽ തണ്ടർബോൾട്ട് സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്. വനാതിർത്തിയിലുള്ള കോളനിയിൽ നിന്ന് ഏറ്റുമുട്ടൽ ഉണ്ടായിടത്തേക്ക് ഒന്നര കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ബാണാസുര ദളത്തിലെ പ്രധാന നേതാവായിരുന്നു കൊല്ലപ്പെട്ട വേൽമുരുകൻ എന്നാണ് വിവരം.
ബാണാസുര ദളത്തെ കൂടാതെ കബനി, നാടുകാണി എന്നീ ദളങ്ങളാണ് വയനാട് ജില്ലയിൽ മാവോയിസ്റ്റുകൾക്കുള്ളത്. തലപ്പുഴ, തിരുനെല്ലി മേഖലകൾ ഉൾപ്പെടുന്നതാണ് കബനീ ദളം. മേപ്പാടിക്കടുത്ത് വയനാട്-മലപ്പുറം ജില്ലകളുടെ അതിർത്തി വനമേഖലകൾ ഉൾപ്പെടുന്നതാണ് നാടുകാണി ദളം. ബാണാസുരമലയിലെ ഏറ്റുമുട്ടലിനു ശേഷം ഈ മേഖലകളിലും പൊലീസ് തെരച്ചിലും, പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.