രാഹുലിന്‍റെ സ്ഥാനാർഥിത്വം; സ്വാഗതം ചെയ്തും പരിഹസിച്ചും നേതാക്കള്‍
രാഹുല്‍ കേരളത്തിലെത്തിയത് ഗതികേട് കൊണ്ടെന്ന് ബിജെപി. രാഹുലിന്‍റെ വരവില്‍ ആശങ്കയില്ലെന്ന് സീതാറാം യെച്ചൂരി
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ചും അനുകൂലിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത് ഇടതു പക്ഷത്തെ നേരിടാനാണെന്നും ഇതിലൊരു ആശങ്കയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. രാഹുലിന്‍റെ വരവ് കേരളത്തിലെ ഇടുപക്ഷത്തെ ബാധിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. ഗതിക്കേട് കൊണ്ടാണ് രാഹുല്‍ വയനാട്ടിലെത്തുന്നത് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വരവിനെ ലീഗ് സ്വാഗതം ചെയ്തു. സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ഒരു ദിവസം തികയുന്നതിന് മുമ്പാണ് ദേശീയ നേതൃത്വം രാഹുലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. രാഹുൽഗാന്ധിയുടെ വരവോടെ യുഡിഎഫ് കേരളം തൂത്തുവാരും എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഹുലിന്‍റെ വരവിനെ കെപിസിസിയും വയനാട് ഡിസിസിയും ആഘോഷമാക്കുകയാണ്. കേരളത്തിന് അഭിമാന നിമിഷമാണിതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രാഹുലിന്‍റെ വരവ് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.