സസ്യ ജനിതക സംരക്ഷകനുളള സംസ്ഥാന പുരസ്കാരം പി ജെ മാനുവലിന് - wayanad
വയനാട് സ്വദേശി പിജെ മാനുവൽ മികച്ച ജൈവകർഷകനും പരിസ്ഥിതി പ്രവർത്തകനുമാണ്
വയനാട്:സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്‍റെ ഈ വർഷത്തെ സസ്യ ജനിതക സംരക്ഷകനുളള പുരസ്കാരം നേടി വയനാട് സ്വദേശി പിജെ മാനുവൽ. ഇദ്ദേഹം മികച്ച ജൈവകർഷകനും പരിസ്ഥിതി പ്രവർത്തകനും കൂടിയാണ്.
വയനാട് എടവക എള്ളുമന്ദം പള്ളിക്കമാലിൽ വീട്ടിൽ പി ജെ മാനുവൽ പതിനഞ്ചാം വയസിലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ എഴുപത് വയസായി. എങ്കിലും ആരോഗ്യപ്രശ്നങ്ങൾ വകവെക്കാതെ തനതു നെല്ലിനങ്ങളെയും കിഴങ്ങുവർഗ്ഗങ്ങളെയും സംരക്ഷിച്ചു പോരുന്നു. തനതു കിഴങ്ങുവർഗങ്ങൾ സംരക്ഷിക്കുന്നതിനാണ് അദ്ദേഹം ആദ്യ പരിഗണന നൽകുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വ്യത്യസ്ത വഴികളിലൂടെ മറ്റുള്ളവരെ ബോധവൽകരിക്കുന്നുമുണ്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻ്റെ പാരമ്പര്യ കിഴങ്ങുവിള സംരക്ഷണ പദ്ധതിയാണ് തനതു കിഴങ്ങുവർഗങ്ങൾ കൃഷിചെയ്യാനും സംരക്ഷിക്കാനും പ്രചോദനമായത്. മുപ്പതിനം കിഴങ്ങുവർഗ്ഗങ്ങൾ ഇദ്ദേഹം സംരക്ഷിക്കുന്നുണ്ട്. എടവക പഞ്ചായത്തിലെ ബയോഡൈവേഴ്സിറ്റി മോണിറ്ററിങ് കമ്മിറ്റി അംഗം കൂടിയാണ് മാനുവൽ.