വയനാട്: കണ്ണോത്ത്‌മലയില്‍ ജീപ്പ് മറിഞ്ഞ് (Kannothmala Jeep Accident) ഒമ്പതുപേര്‍ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്ന് വനംവകുപ്പ് (Forest Department) മന്ത്രി എ.കെ ശശീന്ദ്രന്‍ (AK Saseendran) പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജില്‍ (Wayanad Medical College) ജീപ്പ് അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മാത്രമല്ല അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാനും ജില്ല കലക്‌ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പകല്‍ മുഴുവന്‍ ജോലി ചെയ്‌ത് വീടുകളിലേക്ക് മടങ്ങിയ സാധാരണക്കാരായ തൊഴിലാളികളാണ് (Workers) അപകടത്തില്‍ മരിച്ചത്. ഇതില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ജീപ്പില്‍ 14 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പരിക്ക് ഗുരുതരമായ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് (Kozhikode Medical College) വിദഗ്‌ദ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തുടര്‍നടപടികളില്‍ പ്രതികരണം:മറ്റ് നാലുപേരുടെ ആരോഗ്യനില (Health Condition) പരിശോധിച്ച് ആവശ്യമുള്ള ചികിത്സ നല്‍കും. ദുരന്തത്തില്‍ ഇരയായവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സമാശ്വാസം നല്‍കും. മുഖ്യമന്ത്രി (Chief Minister) നേരിട്ട് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉടനടി സംഭവസ്ഥലത്തെത്തിയത്. അപകടത്തില്‍ മരിച്ചവരുടെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ തുടങ്ങി. ശനിയാഴ്‌ച (26.08.2023) രാവിലെ തന്നെ പോസ്‌റ്റ്‌മോര്‍ട്ടം (Post Mortem) നടപടികള്‍ തുടങ്ങുമെന്നും വൈകാതെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികളെടുക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
അതേസമയം അപകടം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല കലക്‌ടര്‍ (District Collector) ഡോ.രേണുരാജിനെ മന്ത്രി ചുമതലപ്പെടുത്തി. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, ജില്ല കലക്‌ടര്‍ ഡോ.രേണുരാജ്, എ.ഡി.എം എന്‍.ഐ ഷാജു തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. പരിക്കേറ്റവരെ മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ച് ഇവരുടെ ചികിത്സ സൗകര്യങ്ങള്‍ വിലയിരുത്തി.