പ്രളയ നഷ്ടപരിഹാരം കിട്ടാതെ കർഷകർ
ഇക്കൊല്ലത്തെ കാലവർഷത്തിൽ 233 കോടി രൂപയുടെ കൃഷിനാശമാണ് വയനാട് ജില്ലയിൽ ഉണ്ടായത്
വയനാട്:പ്രളയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കാർഷിക നഷ്ടവുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാകാത്തത് കർഷകരെ വലക്കുന്നു. പല കർഷകർക്കും കഴിഞ്ഞ വർഷത്തെ പ്രളയത്തിന്‍റെ പോലും നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല. ഇക്കൊല്ലത്തെ കാലവർഷത്തിൽ 233 കോടി രൂപയുടെ കൃഷിനാശമാണ് വയനാട് ജില്ലയിൽ ഉണ്ടായത്. കൃഷിഭവനുകളിൽ കർഷകർ നൽകിയ അപേക്ഷ അനുസരിച്ചാണ് കാർഷിക നഷ്ടം കണക്കാക്കിയിട്ടുള്ളത്. കൃഷിവകുപ്പിന്‍റെ കണക്കനുസരിച്ച് 20553 കർഷകരുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്. 4050 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൃഷിനാശവുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ പലയിടത്തും കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ മറ്റ് ബന്ധപ്പെട്ടവരോ എത്തിയിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ നിന്ന് കർഷകർ കര കയറും മുൻപാണ് വീണ്ടും ദുരിതത്തിലായത്.