വന്യമൃഗങ്ങളെ തടയാൻ ഹെര്‍ബോലിവ് ലായനി കണ്ണൂർ : കൃഷിയിടങ്ങളിലെ വിളകള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ എന്ത് ത്യാഗവും ചെയ്യും. കമ്പിവേലിയും, വൈദ്യുത വേലിയും, പടക്കവും, നാടന്‍ തോക്കുകൊണ്ടുള്ള വെടിയുമൊക്കെ പ്രയോഗിച്ച് പരാജയപ്പെട്ട കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണിപ്പോള്‍. വന്യജീവികളെ പ്രതിരോധിക്കാനുള്ള എല്ലാ തന്ത്രവും പരാജയപ്പെടുമ്പോള്‍ നിയമം കയ്യിലെടുക്കും. അതും ഫലിക്കാതായാല്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സാഹചര്യമാണ് വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും ഇടനാടന്‍ മേഖലകളിലും നിലവിലുള്ളത്.
എന്നാല്‍ വന്യ ജീവികളെ നോവിക്കാതെ, അവര്‍ക്ക് ജീവഹാനി സംഭവിക്കാതെ കൃഷിയെ സംരക്ഷിക്കാന്‍ പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ മട്ടന്നൂരിനടുത്ത മാറോളി പത്മനാഭന്‍ എന്ന 75 കാരന്‍. വയനാട് പൊഴുതനയിലുള്ള രണ്ട് ഏക്കറിലേറെ വരുന്ന കൃഷിയിടത്തില്‍ ജൈവസത്ത് തളിച്ചാണ് പത്മനാഭന്‍ വന്യ ജീവികള്‍ക്കെതിരെയുള്ള പ്രതിരോധം തീര്‍ക്കുന്നത് (Prevent Against Wild Life).
വിവിധ സസ്യങ്ങളുടെ ചാറ് എടുത്ത് സംസ്‌ക്കരിച്ച് ജീവജാലങ്ങളെ തുരത്താനുള്ള 'ഹെര്‍ബോലിവ്' എന്ന ലായനിയാണ് പത്മനാഭന്‍റെ തോട്ടത്തിലെ വിളകള്‍ സംരക്ഷിക്കുന്നത് (Herboliv Solution For Avoid Wildlife). കോയമ്പത്തൂരില്‍ നിര്‍മിക്കുന്ന ഹെര്‍ബോലിവ് തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (Tamil Nadu Agricultural University) അംഗീകാരമുള്ള ഉത്‌പന്നമാണ്.
വന്യ ജീവികള്‍ കൃഷിയിടത്തില്‍ കടക്കുന്നത് തടയുന്നതിനോടൊപ്പം ചെടികളുടെ വളര്‍ച്ചയും ത്വരിതപ്പെടുത്താന്‍ ഈ ഉത്‌പന്നത്തിന് കഴിയുന്നുവെന്ന് ഈ തോട്ടത്തിലെ തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. മഴ കുറഞ്ഞ സമയത്ത് വേണം ഈ പ്രതിരോധ സ്‌പ്രേ തളിക്കാന്‍. ഇലകള്‍ക്കടിയിലും ചെടികളുടെ ചുവട്ടിലും മണ്ണിലും സ്‌പ്രേ തളിക്കണം.
രണ്ട് വര്‍ഷം മുമ്പ് കുരങ്ങ് ശല്യം കൊടുമ്പിരിക്കൊണ്ടിരിക്കയായിരുന്നു. വിളഞ്ഞു നില്‍ക്കുന്ന ഓറഞ്ച് ചില്ലകള്‍ കൂട്ടമായി കുരങ്ങ് അടര്‍ത്തി മാറ്റും. ബട്ടര്‍ ഫ്രൂട്ടിന്‍റെ മരവും ഇവ നശിപ്പിക്കും. അതിന് പരിഹാരം തേടി പലരുമായും ബന്ധപ്പെട്ടു. അങ്ങിനെയാണ് പരീക്ഷണാര്‍ഥം പത്മനാഭന്‍ കോയമ്പത്തൂരില്‍ നിന്നും അഞ്ച് ലിറ്റര്‍ ഹെര്‍ബോലിവ് കൊണ്ടു വന്നത്.
ഓറഞ്ച് തോട്ടത്തിന്‍റെ അതിര്‍ത്തിയിലെല്ലാം ഇത് സ്‌പ്രേ ചെയ്‌തു. അടുത്ത ദിവസങ്ങളിലൊന്നും കുരങ്ങ് തോട്ടത്തില്‍ പ്രവേശിച്ചില്ല. പതിനഞ്ച് ദിവസം ഇടവിട്ട് മൂന്ന് തവണ ഈ ലായനി തളിച്ചപ്പോള്‍ കുരങ്ങന്‍മാര്‍ തോട്ടത്തില്‍ നിന്നും സ്ഥലം വിട്ടു. എന്നാല്‍ കാട്ടു പന്നിയും കാട്ടു പോത്തും കേഴമാനുമൊക്കെ കൃഷി നശീകരണം തുടര്‍ന്നു. അതിന് പരിഹാരമായി ഹെര്‍ബോലീവ് സ്ഥാപനത്തിന്‍റെ നിര്‍ദേശം തേടി.
തോട്ടം മുഴുവനും ഈ ലായനി തളിച്ചാല്‍ പരിഹാരമാവുമെന്ന് അവര്‍ ഉറപ്പ് നല്‍കി. പതിനഞ്ച് ദിവസം ഇടവിട്ട് മൂന്ന് തവണ ഈ ലായനി തളിച്ചപ്പോള്‍ കാട്ടുപോത്തും, പന്നിയും, മാനുമെല്ലാം തോട്ടത്തില്‍ വരാതായി. അവരുടെ സഞ്ചാരപഥം മാറ്റി. മണ്ണിലും ചെടിയിലും തളിച്ചതോടെ പത്മനാഭന്‍റെ തോട്ടത്തിലെ ഓറഞ്ചും അവക്കാഡോയും കാപ്പിയുമൊക്കെ തഴച്ച് വളരുകയാണ്.
അമ്പത് ലിറ്റര്‍ വരുന്ന ഒരു ക്യാന്‍ ഹെര്‍ബോലിവിന്‍റെ വില 5000 രൂപയാണ്. 450 ലിറ്റര്‍ വെള്ളം ചേര്‍ത്താണ് ഒരു ക്യാൻ ഹെര്‍ബോലിന്‍ തളിക്കേണ്ടത്. തളിക്കാന്‍ മിസ്റ്റ് ബ്ലോര്‍ ഉപയോഗിക്കണം. മുഖം മൂടിയില്ലാതെ തന്നെ ഹെര്‍ബോലിന്‍ തളിക്കാമെന്നതാണ് ഇതിന്‍റെ സവിശേഷത. മുപ്പത് അടിവരെ ഉയരത്തില്‍ ഹെര്‍ബോലിന്‍ മഞ്ഞ് പോലെ പടരും.
ചെടികളുടെ വളര്‍ച്ചക്കും ഗുണമേന്മയുള്ള വിളകള്‍ക്കും ഹെര്‍ബോലിന്‍ തളി കാരണമായെന്ന് പത്മനാഭന്‍ പറയുന്നു. മികച്ച ബട്ടര്‍ ഫ്രൂട്ടും ഓറഞ്ചും പത്മാഭന്‍റെ തോട്ടത്തില്‍ വിളഞ്ഞ് വരികയാണ്. വിവിധ ഇനങ്ങളില്‍പെട്ട കാപ്പിയും ഇത്തവണ പ്രതീക്ഷ നല്‍കുന്നു. ഒരു വന്യ ജീവിയേയും വേദനിപ്പിക്കാതെ അവയ്ക്ക് ജീവഹാനിയില്ലാതെ അകറ്റി നിര്‍ത്താന്‍ ഈ ലായനി പര്യാപ്‌തമായിട്ടുണ്ട്.