വയനാട്: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം വിതരണം ചെയ്‌തു. ഏഴ് കര്‍ഷകര്‍ക്കായി 37 ലക്ഷത്തോള രൂപയാണ് നഷ്‌ടപരിഹാരമായി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മന്ത്രി ജെ. ചിഞ്ചു റാണിയാണ് തുക കൈമാറിയത്.
ആഫ്രിക്കന്‍ പന്നിപ്പനി: ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം നൽകി - വയനാട് വാർത്തകൾ
ആഫ്രിക്കന്‍ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥര്‍ക്കുള്ള ധനസഹായം മന്ത്രി ജെ ചിഞ്ചു റാണി വിതരണം ചെയ്‌തു. മാനന്തവാടി കുറ്റിമൂലയിൽ രണ്ട് പന്നികള്‍ കൂടി ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിനായി മാനന്തവാടി നഗരസഭയിലും തവിഞ്ഞാല്‍, നെന്മേനി ഗ്രാമപഞ്ചായത്തുകളിലുമായി 702 പന്നികളെയാണ് ഉന്മൂലനം ചെയ്‌തിരുന്നത്. ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (NIHSAD) ലാബിലുള്ള പരിശോധനയിലാണ് വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പന്നി കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വയനാട്ടിൽ പറഞ്ഞു.
അതേസമയം മാനന്തവാടി കുറ്റിമൂലയിലെ ഒരു സ്വകാര്യ ഫാമില്‍ രണ്ട് പന്നികള്‍ കൂടി അസ്വാഭാവികമായി ചത്ത നിലയിൽ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി ഭോപ്പാലിലേക്ക് അയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്നും പന്നികളെ ഒരു കാരണവശാലും കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ ഉള്‍പ്പെടെയുളളവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.