വയനാട്: സുൽത്താൻബത്തേരിക്കടുത്ത് ചീയമ്പത്ത് 2012ലാണ് ആദിവാസികൾ ഭൂമികയ്യേറി കുടിൽ കെട്ടി താമസം തുടങ്ങിയത്. സിപിഎമ്മിന്‍റെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിലാണ് ഇവർ ഇവിടെ മിച്ചഭൂമി കയ്യേറിയത്. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളിക്കുറുമ വിഭാഗങ്ങളിൽപെട്ട 224കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
സര്‍ക്കാര്‍ അവഗണിക്കുന്നു; വയനാട്ടില്‍ ആദിവാസികൾ ദുരിതത്തിൽ
കയ്യേറിയ ഭൂമിയുടെ നിയമപരമായ അവകാശം കിട്ടാത്തതാണ് ദുരിതത്തിന് പ്രധാന കാരണം.
ഇടതു മുന്നണി സർക്കാർ അധികാരത്തിൽ എത്തി മൂന്ന് വർഷമായെങ്കിലും ഇതുവരെ ഒരു കുടുംബത്തിന് പോലും ഒരു സെന്‍റ് സ്ഥലം പോലും സ്വന്തമായി കിട്ടിയിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരകൾ മഴയിൽ ചോർന്നൊലിക്കും. വെള്ളവും വൈദ്യുതിയുമില്ല. മറ്റേതെങ്കിലും സ്ഥലത്തേക്ക് ഇവരെ മാറ്റി പാർപ്പിക്കാനുള്ള നടപടിയും ഇതുവരെ സർക്കാർ എടുത്തിട്ടില്ല.
കേന്ദ്ര വനാവകാശ നിയമമനുസരിച്ച് 2005നുശേഷം വനഭൂമിയിൽ താമസം തുടങ്ങിയ ആദിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാനാകില്ല. അത് കൊണ്ടാണ് ഇവർക്ക് ഭൂമി നൽകാൻ പറ്റാത്തതെന്നാണ് സർക്കാർ വാദം.