വയനാട്:കൈക്കൂലി ആവശ്യപ്പെട്ടതിന് സുൽത്താൻ ബത്തേരി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർക്കെതിരെ വിജിലൻസിൽ കേസ് നൽകിയ വ്യവസായിക്ക് വധഭീഷണിയെന്ന് പരാതി. ഇന്‍റർനെറ്റ് നമ്പറുകളിൽ നിന്നാണ് ഭീഷണി വന്നതെന്ന് പരാതിക്കാരൻ ബിനീഷ് പോൾ പറഞ്ഞു. ആരോപണ വിധേയനായ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസറെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഫയർ ഫോഴ്‌സ് ഓഫീസർക്കെതിരെ കേസ് കൊടുത്ത വ്യവസായിക്ക് വധഭീഷണി - വ്യവസായിക്കെതിരെ വധഭീഷണി
ആരോപണ വിധേയനായ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസറെ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നു.
വയനാട്ടിലെ അമ്പലവയൽ പഞ്ചായത്തിൽ കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട അനുമതി നൽകാൻ സ്റ്റേഷൻ ഓഫീസർ ബിനീഷിനോട് രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. കെട്ടിട നിർമാണാനുതി അമ്പലവയൽ പഞ്ചായത്ത് അനാവശ്യമായി നിഷേധിക്കുകയാണെന്ന് ബിനീഷ് പോൾ പറഞ്ഞു. അപേക്ഷ നൽകി ഒരു വർഷം കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ അനുമതി കിട്ടിയിട്ടില്ല.
1000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾക്കാണ് ഫയർ ആൻഡ് റെസ്ക്യൂവിന്‍റെ അനുമതി ആവശ്യമുള്ളുവെന്നും താൻ നിർമിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള കെട്ടിടത്തിന് 438 ചതുരശ്ര മീറ്റർ വിസ്‌തീർണമേ ഉള്ളൂ എന്നും ബിനീഷ് പറഞ്ഞു. കെട്ടിട നിർമാണാനുമതിക്ക് വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്. ഇതും നിരസിക്കുകയാണെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബിനീഷ് കൂട്ടിചേർത്തു.