വയനാട് :ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്‌ദാനം ചെയ്‌ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തു. അസം സ്വദേശികളായ ഹബീബുൽ ഇസ്ലാം (25), ബഷ്റുൽ അസ്ലം (24) എന്നിവരെയാണ് വയനാട് സൈബർ ക്രൈം പൊലീസ് മുംബൈയിലെ ഓശിവരാ എന്ന സ്ഥലത്ത് നിന്നും പിടികൂടിയത്. വയനാട് ബത്തേരി സ്വദേശിയിൽ നിന്നുമാണ് പ്രതികൾ 12.5 ലക്ഷം രൂപ തട്ടിയെടുത്തത്. 2021 ഡിസംബറിലാണ് സംഭവം.
ഓൺലൈൻ വഴി ഡാറ്റാ എൻട്രി ജോലി ചെയ്‌താൽ പ്രതിമാസം 35000 രൂപ ശമ്പളം നൽകാമെന്ന് യുവതിയെ വിശ്വസിപ്പിച്ചു. മെയ്‌ക്ക് മൈ ട്രിപ് (makemytrip) എന്ന വ്യാജ കമ്പനിയുടെ പേരിൽ പ്രതികൾ പരാതിക്കാരിയെകൊണ്ട് ജോലി ചെയ്യിപ്പിക്കുകയും തുടർന്ന് ശമ്പളം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ ചാർജ്, വിവിധ നികുതികൾ, പ്രോസസിങ് തുക എന്നിവ അടക്കാൻ ആവശ്യപ്പെട്ട് തന്ത്ര പൂർവ്വം 12.50 ലക്ഷത്തോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് കബളിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പരാതിക്കാരി വയനാട് സൈബർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മുംബൈയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയ പൊലീസ് മൊബൈൽ പ്രവർത്തിക്കുന്നത് അവിടം അടിസ്ഥാനമാക്കിയാണെന്നും മനസിലാക്കി. തുടർന്ന് ബാങ്ക് അക്കൗണ്ട് ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയുമായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.