കാസർകോട്:കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രസംഗിക്കുന്നതിനിടെ കൂകിവിളിച്ച് വിദ്യാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് വിദ്യാർഥികൾ കേന്ദ്രമന്ത്രിക്ക് നേരെ കൂകിവിളിച്ചത്. കേരള വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടു, നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചു എന്നിങ്ങനെ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് പരാമർശങ്ങൾ നടത്തുന്നതിനിടെയായിരുന്നു വിദ്യാർഥികൾ കൂകി വിളിച്ച് പ്രതികരിച്ചത്.
കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെയാണ് വിദ്യാർഥികളുടെ പ്രതികരണം. കേരള കേന്ദ്ര സര്‍വ്വകലാശാല കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി നടന്നത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ മുഖ്യാതിഥി ആയിരുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. എം മുരളീധരന് നമ്പ്യാര്‍, പരീക്ഷ കൺട്രോളര് ഇന്‍ ചാര്‍ജ് പ്രൊഫ. എം എന്‍ മുസ്തഫ, സര്‍വ്വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനമാണ് നടന്നത് . 1947 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്.
രാഹുൽ ഗാന്ധിക്കെതിരെ വി മുരളീധരൻ: രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതി വിധിയിൽ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും നെഹ്റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേ എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ചോദിച്ചു. കേന്ദ്ര സർവകലാ ശാലയിൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സാങ്കേതികമാണെന്നും മറ്റു രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.